Saturday, February 11, 2023

ഗരുഡ മഹിമകൾ

 തിരുപ്പതിയിലുള്ള ഏഴു മലകളിൽ ഒന്നിനെ ഗരുഡാചലം എന്ന് പറയുന്നു.

 ഏത് പ്രധാനപ്പെട്ട പ്രവർത്തിയും തുടങ്ങുന്നതിനു മുൻപായി  ഗരുഡനെ ധ്യാനിച്ച് ഗരുഡസ്തുതി ചൊല്ലിപ്രാർത്ഥിച്ചു തുടങ്ങിയാൽ കാര്യസിദ്ധിയു ണ്ടാവും എന്നതാണ് വിശ്വാസം.

ഗരുഡ ഉപാസന ചെയ്താൽ മാനസികരോഗം, വായുരോഗം, ഹൃദ്രോഗം, തീരാവിഷരോഗങ്ങൾ എന്നിവയ്ക്ക്അതിവേഗം ശമനം കിട്ടുമെന്ന് സ്വാമിദേശികൻ തന്റെ ഗരുദണ്ഡകം എന്ന കൃതിയിലൂടെ അരുളി ചെയ്തിട്ടുണ്ട്.

ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ നല്ല ഓർമ്മശക്തി, വേദാന്ത ജ്ഞാനം, വാക്ചാതുരിഎന്നിവയുണ്ടാകുമെന്ന് ഈശ്വര സംഹിതയിൽ പറയുന്നു.

 ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ പല അപൂർവശക്തികളും സിദ്ധിക്കുമെന്ന് പത്മപുരാണത്തിലെ നാല്സ്തുതികളിൽ പറയുന്നു.

 ശ്രീവില്ലി പുത്തൂർ ക്ഷേത്രത്തിൽ ശ്രീമഹാ വിഷ്ണുവിനൊപ്പം തന്നെ ശ്രീകോവിലിൽ ഗരുഡനേയുംഎഴുന്നെള്ളിച്ച് ബഹുമാനിക്കപ്പെടുന്നു.

അഥർവ്വ വേദത്തിൽ വരുന്ന മുപ്പത്തിരണ്ട് വിദ്യകളിൽ ഗരുഡ വിദ്യക്കാണ് പ്രഥമ സ്ഥാനം.

ഗരുഡന്റെ നോട്ടത്തിന്റെ പ്രത്യേകതയെക്കുറിച്ച് ആദിശങ്കരൻ കന്ത്രിമ ങ്കേഭ്യ എന്ന ഇരുപത്തി ഒന്നാംസ്തുതിയിൽ വിവരിച്ചിട്ടുണ്ട്.

കാർകോടകൻ എന്ന നാഗത്തിന്റെ പേരുപറഞ്ഞാൽ ഏഴരശനി ദോഷം അകലുമെന്നാണ് ഐതിഹ്യം. ആകാർക്കോടക നാഗം  ഗരുഡനിൽ അടക്കമാണ്.

ഗരുഡനെ കൊടിയാക്കിയതുകൊണ്ടാണ് ശ്രീ കൃഷ്ണൻ ശിശുപാലനെ വെല്ലാനായതെന്ന് ഭാഗവതത്തിൽപറയുന്നു.

മൗര്യന്മാർ ഗരുഡനെ തങ്ങളുടെ ഭാഗ്യദേവനായി വണങ്ങിപോരുന്നു.

കുമാര ഗുപ്ത, സമുദ്രഗുപ്ത ചക്രവർത്തിമാർ തങ്ങളുടെ കാലത്ത് നാണയങ്ങളിൽ ഗരുഡ മുദ്രപതിച്ചതുകൊണ്ട് സുഭിക്ഷം വർദ്ധിച്ചിരുന്നുവെന്ന് ചരിത്രം.

ആകാശത്ത് ഗരുഡനെ കാണു ന്നതും ഗരുഡന്റെ ശബ്ദം കേൾക്കു ന്നതും ശുഭശകുനമായി കരുതപ്പെടുന്നു.

ഗജേന്ദ്രൻ എന്ന ആനയെ മുതല യിൽ നിന്നും ഗരുഡാരൂഢനായ ശ്രീമഹാവിഷ്ണു രക്ഷിച്ചത് ഒരുഅക്ഷയതൃതീയ ദിവസമാണ്.

ഗരുഡന്റെ മഹത്വമോതുന്ന "ഗരുഡപത്ത് സ്തുതി" വീടിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചുവെച്ചാൽ ആവീട്ടിൽ വിഷജന്തുക്കൾ പ്രവേശിക്കില്ലാ എന്നാണ് വിശ്വാസം

അശ്വമേധസഹസ്രാണി

 അശ്വമേധസഹസ്രാണി

സത്യം ച തുലയാ ധൃതം

അശ്വമേധസഹ്രസാദ്ധി

സത്യമേവ ∫തിരിച്യതേ.

✨✨✨✨✨✨✨✨✨✨✨

ആയിരം അശ്വമേധങ്ങളേയും സത്യത്തേയും തുലാസ്സിൽ തൂക്കം നോക്കിയപ്പോൾ അശ്വമേധസഹസ്രത്തേക്കാൾ സത്യം ഭാരം കൂടിയതെന്നു കണ്ടു.

✨✨✨✨✨✨✨✨✨✨✨

താഴ്‌വരകളെ സ്പർശിക്കാതെ കൊടുമുടികളിൽ എത്തുന്നവർക്ക് താഴെ നിൽക്കുന്നവന്റെ വളർച്ചയോ തളർച്ചയോ മനസ്സിലാകില്ല...

ഒരു ദിനമെങ്കിലും മണ്ണിൽ ചവിട്ടി നിന്നിട്ടുള്ളവർക്ക് മാത്രമേ, ചിറകുകൾ നഷ്ടപ്പെട്ടവരെ മനസ്സിലാകൂ, ഒരുതവണയെങ്കിലും അവസാന സ്ഥാനത്തായവർക്കേ, ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെ പരിഗണിക്കാനാകൂ.....

എല്ലാവരുടെയും മുകളിൽ സ്ഥാനം നേടാൻ എളുപ്പമാണ്; എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്...

താഴെത്തട്ടിൽ നടത്തുന്ന ഓരോ യാത്രയുടെയും സ്വകാര്യ ലക്ഷ്യം ‘തലവനാകണം’ എന്നതാണെങ്കിൽ ആ യാത്രയിലെ കർമങ്ങൾക്ക് ഉദ്ദേശ്യശുദ്ധിയോ മികവോ ഉണ്ടാകില്ല....

Monday, January 30, 2023

ഗുരുവായൂർ പൂജാവിധി

  മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.


1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.


2 നിർമാല്യ ദർശനം

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമാല്യ ദർശനം.


3 എണ്ണയഭിഷേകം

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.


4 വാകച്ചാർത്ത്

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.


5 മലർനിവേദ്യം

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.


6 ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.


7 എതിരേറ്റ് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.


ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. 


8 കാലത്തെ ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.


ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.


9 നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.


10 പന്തീരടിപൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. 


11 ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സാധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.


നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.


12 വൈകീട്ടത്തെ ശീവേലി

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.


നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.


13 ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.


14 അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.


അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. 


15 അത്താഴശീവേലി

അത്താഴപൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.


16 തൃപ്പുകയും ഓലവായനയും

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ താഴിട്ടുപൂട്ടുന്നു.


അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.


വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്.

Thursday, January 19, 2023

പാള നമസ്കാരം

 ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിച്ചു വരുന്ന പ്രത്യേക വഴിപാടാണ് പാളനമസ്കാരം .മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്യ ക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവീക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള ) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമി ക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.

ശങ്കരമംഗലത്ത് മനയിൽ ദ്വാദശി ഊണിനെത്തിയ 'ബ്രഹ്മചാരിക്ക് ( വാമനമൂർത്തി) ശങ്കരമംഗലത്തമ്മ പാളയിലായിരുന്നു ആഹാരം വിളമ്പിയത്.ആ സമയത്ത് ലക്ഷ്മീദേവി ഗൃഹസ്താ ശ്രമവേഷം പൂണ്ട് എത്തി ബ്രഹ്മചാരിക്ക് തൃപ്പൂ ളി വിളമ്പുകയുണ്ടായി.

ഈ സങ്കൽപ്പത്തെ മുൻനിർത്തി യുള്ള ചടങ്ങാണ് പാള സമസ്ക്കാരം. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഈ വഴിപാട് മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഇപ്പോൾ വഴിപാട് നടത്തുന്നത്. ഭഗവാന് വെള്ളിത്തളികയിൽ ഈ വിഭവങ്ങളടങ്ങിയ നേദ്യമാണ് ഉച്ചപൂജയ്ക്ക് നേദിക്കുന്നത്. ഇത് വഴി പാടുകാർക്ക് പ്രസാദമായി നൽകുന്നു

Tuesday, January 17, 2023

സത്യസ്യ വചനം ശ്രേയഃ

 സത്യസ്യ വചനം ശ്രേയഃ

സത്യാദപിഹിതം ഭവേത്

യല്ലോകഹിതമത്യന്തം

തത്സത്യം മതം മമ


സത്യം പറയുന്നത് ശ്രേയസ്കരമാണ്. അത് ക്ഷേമം പ്രദാനം ചെയ്യുന്നു. സർവോത്തമമായ ലോകഹിതവും സത്യം തന്നെയാണ്. സത്യത്തേക്കാൾ മഹത്തരമായ മറ്റൊരു ലോകഹിതമില്ല. സനാതനധർമ്മങ്ങളുടെ ലക്ഷണങ്ങളിൽ പ്രധാനമായി പറയുന്നത് സത്യം പറയുക. ധർമ്മം അനുഷ്ഠിക്കുക എന്നതാണ്. (സത്യം വദാ ധർമ്മം ചര) അസത്യകഥനങ്ങൾക്ക് താൽക്കാലികമായി ശ്രേയസ്സുണ്ടാക്കാൻ ചിലപ്പോൾ സാധിച്ചേക്കാം. പക്ഷെ അത്യധികമായി സത്യവചനം മാത്രമേ നിലനിൽക്കുകയുള്ളൂ. കേൾക്കുന്ന വർക്ക് അപ്രിയമായി തോന്നുമെങ്കിലും സത്യകഥനത്തിൽ നിന്ന് പിൻമാറാതിരിക്കുക. അസത്യം ചിലപ്പോൾ പ്രിയകരമായിരിക്കും. പക്ഷെ പറയാതിരിക്കുക. (പ്രിയം ച നാനൃതം ബ്രൂയാത്) ലോകത്തിന് ഹിതകരമായിരിക്കുന്നത് എപ്പോഴും സത്യം തന്നെ. ഈ പ്രപഞ്ചത്തിലെ നിലനിൽപ്പിനു പോലും ആധാരം സത്യം തന്നെ. ( എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിൽ മഹാത്മാഗാന്ധി ഇതിനെക്കുറിച്ച് സുദീർഘമായി എഴുതിയിട്ടുണ്ട്) കൊടുത്ത വാക്ക് പാലിക്കുക എന്നതും സത്യത്തിന്റെ മറ്റൊരു മുഖം തന്നെ. അസത്യം പറഞ്ഞ് വേണമെങ്കിൽ പിന്മാറാം. പക്ഷെ സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിൽ നിന്ന് ഒരടിപോലും പിറകോട്ട് മാറില്ല എന്ന് ഉറക്കെ ഉദ്ഘോഷിച്ച രാജാക്കന്മാരും ചരിത്രപുരുഷന്മാരും നിറഞ്ഞതാണ് ഈ രാജ്യം. അതിനാൽ എന്റെയും അഭിപ്രായം സത്യമായ കാര്യങ്ങൾക്ക് മാത്രമേ ശാശ്വതസ്ഥാനമുള്ളൂ എന്നുതന്നെയാണ്.