Wednesday, December 28, 2022

തിരുവളയനാട് ദേവീ ക്ഷേത്രം കോഴിക്കോട്

 "ഞാൻ എന്റെ വള എറിയുകയാണ് ഈ വള ചെന്ന് വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും"

കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം ആണ് ഇത്.....

 ഇത് ആര് ആരോടാണ് പറഞ്ഞതെന്നുംഏതാണ് ആ ക്ഷേത്രം? എന്നും നോക്കാം

*

      .വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിൽ ഒരിക്കൽ അധികാരമത്സരം നടക്കുകയുണ്ടായി. സൈന്യബലം കൂടുതല്‍ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടു...


അതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച സാമൂതിരി, വള്ളുവകോനാതിരി തന്നെ പരാജയപ്പെടുത്തിയത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാ ബലംകൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നു...


അതിനാൽ  വള്ളുവ കോനാതിരിയുടെയുടെ ഉപാസനാമൂര്‍ത്തിയെ തപസ്സ് ചെയ്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരാൻ സാമൂതിരി നിശ്ചയിച്ചു...

 കൂടെപോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോട് പറഞ്ഞു:-

'എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകും...’


 മുമ്പില്‍ സാമൂതിരി രാജാവും,പിന്നില്‍ ഭഗവതിയും യാത്ര തുടരുകയും, ഏറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വരികയും, സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കുകയും ചെയ്തു...


രാജാവ് തിരിഞ്ഞുനോക്കിയത് കാണാനിടയായ ദേവി തന്‍റെ കയ്യില്‍ കിടന്ന തിരുവള ഊരിയെടുത്ത് പറഞ്ഞു:-


 "ഞാൻ ഈ വള എറിയുകയാണ്. ഈ വള വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും" ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു...

ദേവിയുടെ തിരുവള വീണ സ്ഥലത്ത് സാമൂതിരി ക്ഷേത്രം പണി കഴിച്ചു...

അതാണ് തിരുവളയനാട് ദേവീ ക്ഷേത്രം...


ഈ വള ഒരാഴ്ച വട്ടം കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിച്ചു എന്നും, തിരുവള അനേഷിച്ചു സാമൂതിരി ഒരാഴ്ച വട്ടം കറങ്ങി എന്നും ഐതീഹ്യം ഉള്ളതിനാൽ സമീപത്ത് ഉള്ള പ്രദേശത്തിന് ആഴ്ചവട്ടമെന്നും പേര് ലഭിച്ചു...

മാമാങ്കത്തിനും, യുദ്ധത്തിനും പോകുമ്പോൾ വളയനാട്ടമ്മയ്ക്ക് ബലികൊടുക്കുന്നതിനാൽ പിന്നീടൊരിക്കലും സാമൂതിരിക്ക് തോല്‍വി അറിയേണ്ടിവന്നിട്ടില്ല എന്നും ഐതീഹ്യം...

സാമൂതിരി സ്വരൂപത്തില്‍ ഒരു ഉണ്ണി പിറന്നാല്‍ ദേവിയുടെ സന്നിധാനത്തില്‍ കിടത്തിയതിനുശേഷം ഒരു പോറ്റുകാരനായി കുഞ്ഞിനെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു...

ചണ്ഡികയെന്ന കാശ്മീരി ദേവതയാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി...

കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആണ്  വളയനാട് ആരാധന നടത്തുന്നത്...

സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്

കൌസ്തുഭം

 അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്oത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൌസ്തുഭം ...പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയർന്നുവന്നതായിരുന്നു ഈ രത്നം...

വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം ....ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്..പ്രകൃതിയെ മുഴുവനും സ്വീകരിച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു...

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മലയ്ക്ക് 'വനമാല ' എന്നും പേരുണ്ട്. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു...

പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹന്കാരത്തെ പാഞ്ചജന്യം എന്നാ ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഭഗവാന്റെ വില്ലിന്റെ പേര് ശാര്‍ങ്ങ്‌ഗമെന്നാണ്. വൈഷ്ണവചാപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹന്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു..

മനസ്സിന്റെ സാത്വികാഹന്കാരത്തിന്റെ രൂപമാണ് വിഷ്ണുവിന്റെ തൃക്കയില്‍ തിരിയുന്ന സുദര്‍ശനചക്രം. ശത്രുസംഹാരത്തിനായി ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നു. എനാല്‍, തന്റെ ഭക്തോത്തമനായ അമ്ബരീഷനുവേണ്ടി ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കാനായി ഈ ആയുധം ഉപയോഗിചിടുണ്ട്. പണ്ട് സൂര്യനെ കടഞ്ഞുകിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച് വിഷ്ണുവിന് നല്‍കിയതാണ് സുദര്‍ശനചക്രം. സുദര്‍ശനചക്രം ദുഷ്ടന്മാര്‍ക്ക് ഭയാനകവും, ശിഷ്ടന്മാര്‍ക്ക് 'സു 'ദര്‍ശനവുമാണ് (മംഗളദര്‍ശനമാണ്)...

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനെന്ദ്രിയങ്ങളും വിഷ്ണുവിന് അസ്ത്രങ്ങളാണ്. മഹാവിഷ്ണുവിന്റെ വാളാണ് നന്ദകം.

സുഗ്രീവന്‍, മേഘപുഷ്പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാല് കുതിരകളെ പൂട്ടിയ തേരിലാണ് വിഷ്ണുവിന്റെ സഞ്ചാരം. ദാരുകനാണ് വിഷ്ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍ ആണ് അദ്ദേഹത്തിന്റെ വാഹനം. വിഷ്ണുവിന്റെ നാല് തൃക്കൈകളിലും ശംഖ് , ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു...

മഹത്വത്തെ ഭഗവാന്‍ കൌമോദകി എന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു...

വിദ്യയും അവിദ്യയും സത്തും അസത്തും ഭഗവാനില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍ വെച്ച് പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലുപാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്ണുതന്നെയാകുന്നു. കാലവും കാലത്തെ ഹനിക്കുന്നവനും കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും

അയനങ്ങളായും തരംതിരിക്കുന്നതും ഭഗവാന്‍ വിഷ്ണു തന്നെ...

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്ത്രവും സര്‍വ്വശാസ്ത്രങ്ങളും ശബ്ദബ്രഹ്മസ്വരൂപിയായ ഭഗവാന്‍ വിഷ്ണുവിന്റെ ശരീരമാകുന്നു. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്ണുവാകുന്നു...

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടും കൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

Happiness

🔅 ആഹ്ലാദത്തിനു വേണ്ട പ്രധാന ഘടകം വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ഥം തോല്‍ക്കുന്നവന് സന്തോഷമില്ലെന്നല്ല. പരാജയ കാരണം കണ്ടറിഞ്ഞ് തിരുത്താനുള്ള അവസരമായി കാണുന്നവനു പരാജയവും വിജയത്തിലേക്കും അതുവഴി സന്തോഷത്തിലേക്കുമുള്ള വെളിച്ചമുള്ള പാതയാണ്. അതു കൊണ്ടു തന്നെ പരാജയം കൊണ്ട് ദുഃഖിക്കണമെന്നില്ല. ഇന്നലെകളെ ഓര്‍ത്ത് കരയുന്നതിലല്ല, മനുഷ്യന്റെ കഴിവ്. ഇന്നലെയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നിനെ നേരിടാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുക.  ഇന്നലെകളെ ഓര്‍ത്ത് വിലപിക്കുന്നവര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരാണ്. അവര്‍ വിധിയെ പഴിക്കും.  ദൈവത്തെ പഴിക്കും.

എന്താണ് ലക്ഷ്യമെന്നും വഴിയെന്നും അറിഞ്ഞ ശേഷമുള്ള വിജയത്തിനു മാത്രമേ സന്തോഷം നല്‍കാനാവൂ. ചതികൊണ്ട് നേടിയ വിജയം യഥാര്‍ഥത്തില്‍ സന്തോഷം നല്‍കുമോ? അതെങ്ങനെ യഥാര്‍ഥ വിജയമായി നമ്മുടെ മനസ്സ് സമ്മതിക്കും? മനസ്സിനെ വഞ്ചിക്കുകയും അതു വഴി സ്വയം വഞ്ചിതനാവുകയും ചെയ്തവന് എന്ത് സന്തോഷം?

ന്യായീകരിക്കേണ്ടി വരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല. ഒന്നും ഒളിച്ചുവക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ. മനസ്സാക്ഷിക്കൊത്ത വിധം പ്രവര്‍ത്തിച്ചാലേ സന്തോഷമുണ്ടാകൂ. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്. അത് തുറന്നു പറയാം. അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്. നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്. നേരെ ചൊവ്വെയുള്ള ആഹ്ലാദം. ഒരു എളുപ്പവഴിയോ ബൈപ്പാസോ ഇല്ലാത്ത സന്തോഷം.

ഹാപ്പിനെസ് എങ്ങനെ നമുക്ക് പരിശീലിക്കാമെന്നാണ് ഇനി പറഞ്ഞുതരുന്നത്.  സന്തോഷം ഒരു ഇന്നര്‍ റിയലൈസേഷന്‍ ആണല്ലോ. അതുകൊണ്ടുതന്നെ അതുണ്ടാകുന്നത് നാം നമ്മിലുണ്ടാക്കുന്ന ജീവിതതാളത്തിലൂടെയാണ്.  ആഹ്ലാദകരമായ ജീവിതം സംഗീതമാണ്. അതിന് താളവും ലയവും വേണം. ഇന്നര്‍ സെല്‍ഫ് കൊണ്ടുള്ള ഹാര്‍മണിയോടെയുള്ള ആത്മാര്‍ഥമായ ഒരു പ്രവൃത്തി. അതിന് ശരിയായ ചിന്തയുണ്ടാകണം. ശരിയായ പ്രവര്‍ത്തന ലക്ഷ്യം വേണം. നിശ്ചയമായും ഒരു പോസിറ്റീവ് ആറ്റിറ്റിയൂഡ് കൂടിയേ തീരൂ.

നമുക്ക് വേണ്ടത് ഒരു സോളിഡ് അടിത്തറയാണ്. ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ദൈവീകചിന്തയോടു കൂടിയ നല്ല മനസ്സ്. ആഹ്ലാദചിത്തനാകാന്‍ മടിയന്മാര്‍ക്ക് ആവില്ല. കഠിനാധ്വാനം വേണം. അനാവശ്യമായ കെട്ടുപാടുകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും തീരാത്ത മോഹങ്ങളില്‍ നിന്നും അടങ്ങാത്ത കൊതിയില്‍ നിന്നും സ്വതന്ത്രനാവണം.

സഹജീവികളുമായി സഹകരിക്കാനും അവരെ സഹായിക്കാനുമുള്ള മനസ്സുവേണം.  മറ്റുള്ളവരുടെ കാര്യത്തില്‍ നമുക്ക് കരുതലുകള്‍ ഉണ്ടാവണം, ആത്മാര്‍ഥതയോടെ എല്ലാ കാര്യങ്ങളും കാണാന്‍. വളവും തിരിവും മറയുമില്ലാത്ത തുറന്ന പുസ്തകം പോലൊരു മനസ്സു കൂടി ഉണ്ടാക്കാനായാല്‍, ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളവന്‍ താങ്കളാവും.

നല്ലവനാകാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ സന്തോഷിക്കുന്നത്. മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ അപ്പോഴാണ് കഴിയുക. നിങ്ങളില്‍ അപ്പോള്‍ ഒരു സെന്‍സ് ഓഫ് പീസ് നിങ്ങളറിയാതെ തന്നെ വന്നു നിറഞ്ഞുകൊണ്ടേയിരിക്കും.  നിങ്ങളില്‍ ആഹ്ലാദം വളര്‍ന്നു കഴിഞ്ഞു. ഇനി അത് മറ്റുള്ളവരിലേക്ക് എങ്ങനെ പടര്‍ത്തിയെടുക്കാനാവുമെന്ന് നോക്കാം. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു നോക്കാം. മറ്റുള്ളവര്‍ക്ക് നാം ഒരു മധുരമാവട്ടെ. അതും നിങ്ങളുടെ സന്തോഷം ഇരട്ടിക്കുകയേ  ഉള്ളു..


🔅 ജീവിതം എന്നും ആഹ്ലാദകരമാവണമെന്ന ആഗ്രഹവുമായി ഒരാള്‍ ഗുരുവിന്റെ അരികിലെത്തി. ധനികനായ അദ്ദേഹത്തോട് ഗുരു  ഒരു സ്ലേറ്റില്‍ ചോക്കു കൊണ്ട് അദ്ദേഹത്തിന്റെ ആശ  എഴുതാന്‍ പറഞ്ഞു. അദ്ദേഹം വടിവൊത്ത അക്ഷരത്തില്‍ എഴുതി: 'എനിക്ക് സമാധാനം വേണം.' ഗുരു ആ വാചകത്തിലെ എനിക്ക്, വേണം എന്നീ വാക്കുകള്‍ കൈകൊണ്ട് മായ്ച്ചു കളഞ്ഞു:  സമാധാനം എങ്ങനെയാണ് കിട്ടുകയെന്ന് ആ ധനികന് മനസ്സിലായി. എനിക്ക്, വേണം എന്നീ വാക്കുകളാണ് സമാധാനം തല്ലിത്തകര്‍ത്തു കളയുന്നത്. ഗുരു പറഞ്ഞു: 'ആഗ്രഹം നിഴല്‍ പോലെ നിന്നോടൊപ്പമുണ്ട്. രാവിലെ ആ നിഴല്‍ നിന്റെ മുന്നിലാകാം. എത്ര സ്​പീഡില്‍ ഓടിയാലും ആ നിഴല്‍ എപ്പോഴും നിന്റെ മുന്നില്‍ത്തന്നെ നിന്റെ അതേ വേഗതയില്‍ മുന്നിലുണ്ടാകും. ഉച്ച കഴിഞ്ഞാലോ, ആ നിഴല്‍ നിന്റെ പിന്നാലെയാകും. എത്ര ഓടിയാലും ആ നിഴല്‍ തളരാതെ നിന്റെ പിന്നാലെ തന്നെ ഓടിയെത്തുന്നു. ആ നിഴലില്‍നിന്ന് നിനക്ക് മോചനമില്ല. ആഗ്രഹങ്ങള്‍ നിഴലിനെപ്പോലെത്തന്നെയാണ്. ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കുക. അപ്പോള്‍ അത്രയും നിഴലിന്റെ നീളവും കുറയും.


🔅 ഗുരു എപ്പോഴും പറയും: സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗം മൂന്നാണ്. ഒന്ന്: ദൈവപ്രീതി. രണ്ട്: പാപഭീതി. മൂന്ന്: സാമൂഹിക നീതി. ഈ മൂന്നു ഗുണങ്ങളുണ്ടായാല്‍ (ഉണ്ടാക്കിയാല്‍) മനസ്സില്‍ സമാധാനം തനിയെ വന്ന് കൊളളും...

സമാധാനവും സന്തോഷവും, അതായത്, എപ്പോഴും ഹാപ്പിനെസ്സ്, വേണമെങ്കില്‍ ഒന്നാമതായി ദൈവമുണ്ടെന്ന്   ഓര്‍ക്കുക. ഈ ലോകത്തിന്റെ സ്രഷ്ടാവാണദ്ദേഹം. രണ്ടാമതായി  മരണമുണ്ടെന്ന് ഓര്‍ക്കുക. മാത്രമല്ല, മരണത്തെപ്പറ്റി വേവലാതിപ്പെടുകയോ ഭയപ്പെടുകയോ അരുത്. മൂന്നാമത്തെ കാര്യമാണ് വളരെ പ്രയാസമുള്ളത്. ഉപദ്രവിച്ചതോ, സഹായിച്ചതോ മറക്കുക. ഉപദ്രവിച്ചവരോട് പക തോന്നുക സ്വാഭാവികം. സഹായിച്ചവരുടെ നന്ദി പ്രതീക്ഷിക്കുന്നതും മനുഷ്യസഹജം. ഇതു രണ്ടും മറന്നേ പറ്റൂ. ഈ പകയും നന്ദി വാക്ക് കിട്ടിയില്ലല്ലോയെന്ന പ്രയാസവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.  അതു മറന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നും സങ്കടപ്പെട്ടു കഴിയാനാണ് വിധി. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷത്തിന്റെ പൊന്‍വെളിച്ചമെത്തില്ല.

ഈശാവാസ്യോപനിഷത്ത്

 ഭാരതീയദർശനത്തിലെ പ്രഖ്യാത ഗ്രന്ഥങ്ങളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രസിദ്ധമായതാണ് ഈശാവാസ്യോപനിഷത്ത് അഥവാ ഈശോപനിഷത്ത്. മുഖ്യമായവയായി കരുതപ്പെടുന്ന പത്തുപനിഷത്തുകളുടെ  (ദശോപനിഷത്തുകൾ) പരമ്പാരാഗതമായ പട്ടികളിൽ ആദ്യം കാണാറുള്ളത് ഇതിന്റെ പേരാണ്. ശങ്കരാചാര്യർ, അരബിന്ദോ, രാധാകൃഷ്ണൻ, തുടങ്ങിയ വ്യാഖ്യാതാക്കളും ഇതിന് ഏറെ പ്രാധാന്യം കല്പിച്ചു. മാഹാത്മഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഉപനിഷത്തും ഇതായിരുന്നു.


ഉപനിഷത്തുകളുടെ മിക്കവാറും പട്ടികകളിൽ ഏറ്റവും മുകളിലാണ് ഇത് കാണാറുള്ളതെങ്കിലും ഏറ്റവും പഴയ ഉപനിഷത്തല്ല ഇത്. അതേസമയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം, തൈത്തിരീയം, ഐതരേയം എന്നീ ഗദ്യോപനിഷത്തുകൾക്ക് തൊട്ടുപിന്നാലെ, ഏറ്റവും പഴക്കമുള്ള പദ്യോപനിഷത്തുകളിൽ ഒന്നായാണ് അരബിന്ദോ ഇതിനെ കണക്കാക്കിയത്. യജുർവ്വേദസംഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസംഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.


ഈശാവാസ്യം എന്ന പേര് ഉപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ, "ഈശാവാസ്യമിദം സർവം" എന്ന തുടക്കത്തിൽ നിന്നെടുത്തതാണ്. "ഈശോപനിഷത്ത്" എന്ന ചുരുക്കപേരിലും ഇത് അറിയപ്പെടുന്നുണ്ട്.


18 മന്ത്രങ്ങൾ മാത്രമുള്ള ഈശാവാസ്യം താരതമ്യേന ചെറിയ ഉപനിഷത്താണ്. ദശോപനിഷത്തുകളിൽ, ഇതിനേക്കാൾ ദൈർഘ്യം കുറഞ്ഞതായി 12 മന്ത്രങ്ങളുള്ള മാണ്ഡൂക്യോപനിഷത്ത്‌ മാത്രമേയുള്ളു. അതുന്നയിക്കുന്ന ആശയങ്ങളുടെ സ്ഥാപനത്തിലേയ്ക്കുള്ള ചിന്താപ്രയാണത്തിൽ ഈ ഉപനിഷത്ത് നാലുഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്നാം ഘട്ടം, മൂന്നു മന്ത്രങ്ങളിൽ ഉപനിഷത്തിന്റെ ആശയം സംഗ്രഹിച്ച് അവതരിപ്പിക്കുന്നു. തുടർന്നുവരുന്ന മൂന്നു ഘട്ടങ്ങളാകട്ടെ, ഈ ആശയഘട്ടത്തിലെ മന്ത്രങ്ങൾ ഓരോന്നിലെ ആശയത്തെ പുരോഗമിപ്പിച്ച് വ്യക്തമാക്കുന്നു.


ആദ്യഘട്ടം


ആദ്യത്തെ മൂന്നു മന്ത്രങ്ങളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. എല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നുവെന്ന ഉൾക്കാഴ്ചയുടെ ഘോഷണത്തോടെയാണ് ഈ ഘട്ടത്തിന്റെ തുടക്കം. തുടർന്ന്, ഈശ്വരബോധത്തോടെയുള്ള ദൈവികമായ മനുഷ്യജീവിതത്തെക്കുറിച്ചും, അതിനു വിരുദ്ധമായ ജീവിതത്തിന്റെ വിപത്തിനെക്കുറിച്ചും പറയുന്നു.


ഈശോപനിഷത്തിൽ ഏറ്റവും പ്രസിദ്ധമായത് അതിലെ ആദ്യമന്ത്രം തന്നെയാണ്. അതിങ്ങനെയാണ്:-


“ഈശാവാസ്യമിദം സർവ്വം

യത് കിഞ്ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാ:"

മാ ഗൃധ: കസ്യസ്വിദ്ധനം”


"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്" എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.


ഈ മന്ത്രത്തിന്റെ ആദ്യവരിയിലെ "വാസ്യം" എന്ന വാക്കിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച് ഒട്ടേറെ തർക്കങ്ങളുണ്ട്. "ഈശാവാസ്യം" എന്നതിന് ഈശ്വരനാൽ ആച്ഛാദനം ചെയ്യപ്പെട്ടത്, മൂടപ്പെട്ടത്, മറയ്ക്കപ്പെട്ടത് എന്നൊക്കെയുള്ള അർത്ഥമാണ് ശങ്കരാചാര്യർ കല്പിച്ചത്. എന്നാൽ അരബിന്ദോയെപ്പോലുള്ള വ്യാഖ്യാതാക്കൾ ഇതിനോട് വിയോജിക്കുന്നു. ഈശ്വരൻ ജഗത്തിനെ ആച്ഛാദനം ചെയ്തിരിക്കുന്നുവെന്നല്ല, ജഗത്ത് ഈശ്വരന്റെ ആച്ഛാദനമോ വാസസ്ഥാനമോ ആണെന്ന അർത്ഥമാണ് ഈ മന്ത്രത്തിനുള്ളതെന്ന് അരബിന്ദോ വാദിക്കുന്നു.


മന്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ "തേന ത്യക്തേന ഭുഞ്ജീത്ഥാ" എന്ന 'മഹാവാക്യം', ഗീതാസന്ദേശത്തിന്റെ തന്നെ ചുരുക്കമാണെന്ന് പറയാം. അസക്തികൾ വെടിഞ്ഞ് ജീവിക്കുക, ത്യാഗഭാവത്തോടെ അനുഭവിക്കുക എന്നൊക്കെയാണതിനർത്ഥം.


ഈ ആദ്യമന്ത്രത്തെ ആധാരമാക്കിയുള്ള ആശയമാണ് അടുത്ത മന്ത്രത്തിൽ. കർമ്മലേപനത്തിലേയ്ക്ക് നയിക്കാത്ത കർമ്മനിരതതയെക്കുറിച്ചാണ് ആ മന്ത്രം.


“കുർവ്വന്നേവേഽഹ കർമ്മാണി

ജിജീവിഷേച്ഛതം സമാ:

ഏവം ത്വയി നാന്യഥേതോഽസ്തി:

ന കർമ്മ ലിപ്യതേ നരേ”


"കർമ്മത്തിന്റെ ഈ വഴിയിലൂടെ ശതവർഷം ജീവിച്ചിരിക്കുക. മനുഷ്യന് കർമ്മലിപ്തനാകാതിരിക്കാൻ ഇതല്ലാതെ വഴിയില്ല" എന്ന് ഈ മന്ത്രത്തിന് അർത്ഥം പറയാം.


ആദ്യത്തെ രണ്ടു മന്ത്രങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് വിപരീതമായ വഴി പിന്തുടരുന്നവരെ ആത്മഘാതകരെന്ന് (ആത്മഹ്നോ ജനാ:) വിശേഷിപ്പിക്കുന്ന മൂന്നാം മന്ത്രം അങ്ങനെയുള്ളവർ അന്ധവും ഇരുട്ടുനിറഞ്ഞതുമായ അസൂര്യലോകങ്ങളിൽ ചെന്നെത്തുമെന്ന് പറയുന്നു.


രണ്ടാം ഘട്ടം


നാലു മന്ത്രങ്ങൾ (4-7)  അടങ്ങുന്നതാണ് ഈ ഘട്ടം. മുൻഘട്ടത്തിലെ ആദ്യമന്ത്രത്തിലേയ്ക്ക് തിരികെ ചെന്ന് അതിനെ വിശദീകരിച്ച് പുരോഗമിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ നാലു മന്ത്രങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഈശ്വരസ്വരൂപം വിവരിക്കാനുള്ള ശ്രമമാണ്. തുടർന്നുള്ള രണ്ടു മന്ത്രങ്ങൾ, ഈശ്വരസാക്ഷാത്കാരം കൈവരിച്ചവരുടെ അവസ്ഥ ചിത്രീകരിക്കുന്നു.


ആത്മതത്ത്വമായ ഈശ്വരന്റെ സ്വഭാവം വർണ്ണിക്കുന്ന ആദ്യത്തെ രണ്ടു മന്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്, പ്രത്യക്ഷത്തിൽ അസംബന്ധമെന്ന് തോന്നുന്ന ഒരു തരം മിസ്റ്റിക് ഭാഷയാണ്. ജഗത്താകെ വ്യാപിച്ചിരിക്കുന്ന ആ സത്യം ഇളകാത്തതെങ്കിലും മനസ്സിനെ വെല്ലുന്ന വേഗമുള്ളതാണ്; നിൽക്കുന്ന അത് ഓടുന്ന മറ്റുള്ളവയെ കടന്നുപോകുന്നു; ഇളകുന്നെങ്കിലും അതിന് ഇളക്കമില്ല; അത് അകലെയും അടുത്തുമാണ് (തദ് ദൂരേ, തദന്തികേ); അത് എല്ലാറ്റിനും അകത്തും വെളിയിലും ഇരിക്കുന്നു (തദന്തരസ്യ സർവസ്യ, തദ് സർവസ്യാസ്യ ബാഹ്യത:) എന്നൊക്കെയാണ് വർണ്ണന.


"അവനവനിൽ സമസ്തഭൂതങ്ങളേയും, സമസ്തഭൂതങ്ങളിലും അവനവനേയും കാണുന്നവനെ ഒന്നും ഭയപ്പെടുത്തുന്നില്ല" എന്നർത്ഥമുള്ള അടുത്ത മന്ത്രം ചിത്രീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം സിദ്ധിച്ചവരെയാണ്. രണ്ടാം ഘട്ടത്തിലെ അവസാന മന്ത്രം താഴെക്കൊടുക്കുന്നതാണ്:-


“യസ്മിൻ സർവ്വാണി ഭൂതാനി

ആത്മൈവാത്ഭൂദ്വിജാനത:

തത്ര കോ മോഹ: ക: ശോക:

ഏകത്വമനുപശ്യത:”


"സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഏകത്വം അറിയുന്നവന്, മോഹമോ ശോകമോ പകരാൻ എന്തിനു കഴിയും?" എന്ന ചോദ്യമാണ് ഈ മന്ത്രത്തിൽ.


മൂന്നാം ഘട്ടം


"കർമ്മലിപ്തമല്ലാത്ത ജീവിതം" എന്ന ഒന്നാം ഘട്ടം മദ്ധ്യമന്ത്രത്തിലെ ആശയവുമായി ബന്ധപ്പെട്ടതാണ് (8 മുതൽ 14 വരെയുള്ള) ഏഴു മന്ത്രങ്ങൾ അടങ്ങുന്ന മൂന്നാം ഘട്ടം. ജീവിതത്തിലെ വിരുദ്ധങ്ങളെന്നു തോന്നുന്ന ദ്വന്തങ്ങളുടെ സമന്വയമാണ് ഈ ഘട്ടത്തിലെ മുഖ്യ ആശയം.


വിശ്വത്തെ ഒന്നിച്ചു നിർത്തുന്നത്, എല്ലായിടത്തും സന്നിഹിതവും, ഉജ്ജ്വലവും, അവിഭക്തവും, പാപത്തിന്റെ സ്നായു കലരാത്തതും(അസ്നാവിരം), ബുദ്ധിതികഞ്ഞതും, ഒരേസമയം സമീപസ്ഥവും ദൂരസ്ഥവും ആയ ആത്മതത്ത്വമാണെന്നർത്ഥമുള്ള ഒരു മന്ത്രത്തോടെയാണ് തുടക്കം. തുടർന്നു വരുന്ന 6 മന്ത്രങ്ങളുടെ ആശയം ഏതാണ്ട് ഇങ്ങനെയാണ്:-


അവിദ്യയെ പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നു പെടുന്നു; വിദ്യയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.


വിദ്യയുടേയും അവിദ്യയുടേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടറിഞ്ഞിരിക്കുന്നു.


വിദ്യയേയും അവിദ്യയേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവൻ, അവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് വിദ്യയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.


ഇല്ലാതാകലിലെ(അസംഭൂതി) പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നെത്തുന്നു; ഉണ്മയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.


ഉണ്മയുടേയും ഇല്ലാതാകലിന്റേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.


ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവർ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.


ഈ മന്ത്രങ്ങളിൽ പരാമർശിക്കപ്പെടുന്ന ദ്വന്തങ്ങൾ ഏതിനെയൊക്കെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായൈക്യമില്ല. ഉദാഹരണത്തിന്, അവിദ്യയെന്നത് അഗ്നിഹോത്രാദി കർമ്മങ്ങളും, വിദ്യ ദേവതാജ്ഞാനവുമാണെന്നാണ് ശങ്കരാചാര്യർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈശാവാസ്യത്തിന്റെ ഹൃദയത്തെയെന്നതിന് പകരം സ്വന്തം സിദ്ധാന്തങ്ങളുടെ അളവുകോലുകളെയാണ് ശങ്കരൻ ഇവിടെയൊക്കെ പിന്തുടരുന്നതെന്ന് വിമർശിക്കുന്ന സുകുമാർ അഴീക്കോട്, അവിദ്യ ധനലോഭവും, വിദ്യ ആത്മജ്ഞാനം ഉൾപ്പെടാത്ത അപരവിദ്യയും ആണെന്ന് അഭിപ്രായപ്പെടുന്നു. അവിദ്യ ബാഹ്യപ്രപഞ്ചത്തിൽ ശ്രദ്ധയൂന്നുന്നതും വിദ്യ ആന്തരികലോകത്തെ ശ്രദ്ധിക്കുന്നതുമാണെന്ന് കരുതുന്ന വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ, അവിദ്യയേയും വിദ്യയേയും സമന്വയിപ്പിക്കുകയെന്നാൽ, കർമ്മത്തേയും ധ്യാനത്തേയും ഒന്നിപ്പിക്കുക എന്നാണർത്ഥം.


നാലാം ഘട്ടം


നാലു മന്ത്രങ്ങൾ അടങ്ങിയ ഈ അന്തിമ ഘട്ടം, ആദ്യഘട്ടം മൂന്നാം ശ്ലോകത്തിൽ പരാമർശിക്കപ്പെടുന്ന അസൂര്യലോകങ്ങളെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന് തോന്നും. വെളിച്ചത്തിന്റെ സ്രോതസ്സുകളായ സൂര്യനേയും അഗ്നിയേയും എല്ലാം ലക്ഷ്യമാക്കിയുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഈ മന്ത്രങ്ങൾ. ഇവയിൽ ഏറെ പ്രശസ്തമായ ആദ്യമന്ത്രം ഇങ്ങനെയാണ്:-


“ഹിരണ്മയേന പാത്രേണ

സത്യസ്യാപിഹിതം മുഖം

തത് ത്വം പൂഷന്നപാവൃണു

സത്യധർമ്മായ ദൃഷ്ടയേ.”


"സത്യത്തിന്റെ മുഖം (നിന്റെ) സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു; ഓ സൂര്യാ, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈ മന്ത്രത്തിലെ പ്രാർത്ഥന.


പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സർവജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാർത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തിൽ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോൾ, ജീവൻ അമർത്ത്യതയിൽ ലയിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ബ്രഹ്മസ്മൃതിയിൽ മുഴുകാൻ മനസ്സിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം വിനയത്തോടെയുള്ള മറ്റൊരു പ്രാർത്ഥനയാണ്:-


“അഗ്നേ നയ സുപഥാ രായേ അസ്മാൻ

വിശ്വാനി ദേവ വയുനാനി വിദ്വാൻ

യുയോദ്ധ്യസ്മജ്ജുഹുരാണമേനോ

ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ.”


"അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു " എന്നാണ് ഇതിനർത്ഥം.


ശാന്തിമന്ത്രം


ഈശോപനിഷത്തിനൊടുവിൽ പ്രസിദ്ധമായ ഈ ശാന്തിമന്ത്രം ചേർത്തിട്ടുണ്ട്:-


“ഓം പൂർണ്ണമദ: പൂർണ്ണമിദം

പൂർണ്ണാത് പൂർണ്ണമുദച്യതേ

പൂർണ്ണസ്യ പൂർണ്ണമാദായ

പൂർണ്ണമേവാവശിഷ്യതേ.

ഓം ശാന്തി: ശാന്തി: ശാന്തി:”


"അതും ഇതും പൂർണ്ണമാണ്; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു" എന്നാണ് ഒട്ടേറെ വ്യംഗ്യാർത്ഥങ്ങൾ കണ്ടെത്താവുന്ന ഈ മന്ത്രത്തിന്റെ വാച്യാർത്ഥം.


ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹൻ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കൾ, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്ന പ്രസ്താവനകൾ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം ശങ്കരാചാര്യരെപ്പോലും വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അർത്ഥം ഉപനിഷത്തിൽ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാൻ ശങ്കരൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു എന്നാൽ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാൾ ഭസ്മമായിത്തീർന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയിൽ അവശേഷിക്കുന്നെങ്കിൽ‍, ഹിന്ദുമതം എക്കാലവും നിലനിൽക്കും" എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഇവിടേയും ശങ്കരാചാര്യർ സ്വീകരിച്ചിരിക്കുന്ന പാഠം വ്യത്യസ്തമാണ്. "അസൂര്യലോകങ്ങൾ". (സൂര്യനില്ലാത്ത ലോകങ്ങൾ) എന്നതിന് പകരം  അദ്ദേഹം"ആസുരലോകങ്ങൾ"‍ (അസുരലോകങ്ങൾ) എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അരോബിന്ദോ ഇവിടേയും ശങ്കരനോട് വിയോജിക്കുന്നു. അവസാനത്തെ നാലു മന്ത്രങ്ങളിൽ സൂര്യനോടു നടത്തുന്ന അർത്ഥന തന്നെ ഈ മന്ത്രത്തിലെ അസൂര്യലോകങ്ങളെ മനസ്സിൽ വച്ചാണെന്ന് അരോബിന്ദോ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ഉപനിഷത്തിന്റെ ചിന്താഘടനയിൽ, മൂന്നാം മന്ത്രം, അവസാനത്തെ നാലുമന്ത്രങ്ങളിലെ ആശയത്തിന്റെ മുഖവുരയാണ്."

ദാതാ ഭവതി വാ ന വാ

 ശതേഷു ജായതേ ശൂരഃ

സഹസ്രേഷു ച പണ്ഡിതഃ

വക്താ ദശസഹസ്രേഷു

ദാതാ ഭവതി വാ ന വാ


നൂറിൽ ഒരാൾ ശൂരനായി ജനിക്കുന്നു. ആയിരത്തിൽ ഒരുവൻ പണ്ഡിതനായി ജനിക്കുന്നു. പതിനായിരത്തിൽ ഒരുവൻ വാഗ്മിയായി ജനിക്കുന്നു. എന്നാൽ ദാനിയായ പുരുഷൻ ഇതിലും വിരളമാണ്. ഗുണയുക്തരായ വ്യക്തികളുടെ ജന്മം വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ. ലോകത്ത് നൂറുകണക്കിന് ആളുകൾ ജനിക്കുന്നുണ്ട്. പക്ഷെ ധൈര്യവും പരാക്രമശാലിത്വവും ഒത്തുചേർന്ന ഒരാൾ ജനിക്കുന്നത് വളരെ അപൂർവ്വം. നൂറുപേരിൽ ഒരാൾ മാത്രമായിരിക്കും അത്തരക്കാർ. എന്നാൽ പണ്ഡിതന്മാർ അതിലും വിരളമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. ആയിരംപേർ ജനിക്കുമ്പോൾ ഒരുവനോ മറ്റോ ഉണ്ടെങ്കിൽ ഭാഗ്യം. ആരാണ് വാഗ്മി. പണ്ഡിതൻ ചിലപ്പോൾ അമിത സംസാരപ്രിയനാകാം. പക്ഷെ വാഗ്മി മിതമായും സാരമായും മാത്രം വാക്കുകൾ ഉപയോഗിക്കുന്നവനായിരിക്കും. ഒരൊറ്റ വാക്യത്തിൽ കൂടി ലോകത്തെ ബോധ്യപ്പെടുത്താനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ പതിനായിരം പേരിൽ ഒരാളായിരിക്കും അത്തരക്കാർ. വളരെ വിരളമെന്നർത്ഥം. ലോകത്തിലെ ഏറ്റവും ഗുണശാലികളായി അറിയപ്പെടുന്നത് ദാനികളാണ്. ശൂരന്റെ ശൗര്യമോ, പണ്ഡിതന്റെ ജ്ഞാനമോ, വാഗ്മിയുടെ ഗുണമോ അവനുണ്ടാകണമെന്നില്ല. പക്ഷെ അർഹിക്കുന്നവന് ദാനം ചെയ്യാനുള്ള മനസ്സ് ഉണ്ടായിരിക്കും. അതുതന്നെ ബാക്കിയുള്ളതിനെ അപേക്ഷിച്ച് ഏറ്റവും നല്ല ഗുണവും. അങ്ങിനെയുള്ളവർ ജനിക്കുന്നുണ്ടോ ആവോ എന്നാണ് കവിയുടെ സംശയം. അതായത് വളരെ വളരെ അപൂർവ്വമായി അങ്ങിനെഒരാൾ ഉണ്ടാകുന്നു എന്നർത്ഥം.


സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ദാനം.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഇന്നത്തെ ഹൈന്ദവസമൂഹത്തില്‍ ദാനത്തിന് പറയത്തക്ക സ്ഥാനമൊന്നും അധികമാരും കല്പിച്ചുനല്‍കിക്കാണുന്നില്ല.വേദങ്ങള്‍തൊട്ട് പുരാണങ്ങള്‍വരെ ദാനത്തിന്റെ മഹത്വത്തെ പാരാട്ടുന്നുണ്ട്.പക്ഷേ ഇതേക്കുറിച്ച് സാമാന്യജനസമൂഹത്തെ പറഞ്ഞു മനസ്സിലാക്കുന്നവര്‍ വിരളമാണ് എന്നതാണ് പ്രധാന പ്രശ്‌നം.ധര്‍മശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞവര്‍ സാമാന്യജനത്തിന് ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉപദേശിച്ചുകൊടുക്കാത്ത പക്ഷം അവര്‍ ദാനം ചെയ്യാതിരിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യവുമില്ല.ഈശ്വരവാണിയായ വേദം പറയുന്നത് കാണൂ:


ഓം മാ പൃണന്തോ ദുരിതമേന ആരന്മാ ജാരിഷുഃ സൂരയഃ സുവ്രതാസഃ.

അന്യസ്‌തേഷാം പരിധിരസ്തു കശ്ചിദപൃണന്തമഭി സം യന്തു ശോകാഃ.

(ഋഗ്വേദം 1.125.7)


(പൃണന്തഃ) ദാനം ചെയ്യുന്നവര്‍ (ദുരിതമ്) ദുരിതത്തെ (ഏനഃ) അതിനുകാരണമായ പാപത്തെ (മാ ആരന്‍) പ്രാപിക്കാതിരിക്കട്ടെ. (സുവ്രതാസഃ) ഉത്തമ വ്രതചാരികളായ (സൂരയഃ) ജ്ഞാനികള്‍ (മാ ജാരിഷുഃ) ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ.(കശ്ചിദ് അന്യഃ) മറ്റൊരുവന്‍ അഥവാ ഈശ്വരന്‍ (തേഷാം) അവരുടെ (പരിധിഃ അസ്തു) പരിധിയാകട്ടെ.കാരണം (അപൃണന്തമ്) ദാനം ചെയ്യാത്തവരെ (ശോകാഃ അഭി സംയന്തു) എല്ലായിടത്തുനിന്നും ശോകങ്ങള്‍ പ്രാപിക്കുന്നു.


ദാനകര്‍മം ദുരിതങ്ങളെയും അതിനു കാരണമായ പാപകര്‍മങ്ങളെയും അകറ്റുന്നു എന്ന സന്ദേശമാണ് മന്ത്രത്തില്‍ ആദ്യം കാണുന്നത്.മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ സിംഹഭാഗവും തങ്ങള്‍ മുജ്ജന്മങ്ങളിലോ ഈ ജന്മത്തില്‍തന്നെയോ ചെയ്ത പാപകര്‍മങ്ങള്‍ കാരണം വന്നുചേര്‍ന്നവയാണ്.മനസ്സിലെ പാപചിന്തകളാണ് പാപകര്‍മങ്ങളായി മാറുന്നത്.മനസ്സ് പവിത്രമായാലേ അത്തരം പാപചിന്തകള്‍ അകലുകയുള്ളൂ.അതിനു പ്രാപ്തമാക്കുന്നതാണ് ദാനം.


ആരൊക്കെയാണ് ദാനം ചെയ്യേണ്ടത്?                     ഏവരുടെയും കര്‍ത്തവ്യമാണ് ദാനം എന്നു മനസ്സിലാക്കുക.സര്‍വവും സംന്യസിക്കുന്ന ജ്ഞാനിക്ക് ദാനവും യജ്ഞവും തപസ്സും സംന്യസിക്കാമോ അഥവാ ത്യജിക്കാമോ എന്ന സംശയം ചോദിക്കുന്ന അര്‍ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന ഗീതോപദേശം കാണുക:


യജ്ഞദാനതപഃകര്മ ന ത്യാജ്യം കാര്യമേവ തത് യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാമ്. (ഗീത 18.5)

അര്‍ഥം:യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയല്ല.അവ അനുഷ്ഠിക്കുകതന്നെയാണ് വേണ്ടത്.അവ വിവേകികളെ പവിത്രരാക്കുന്നു.


അതായത് ദാനാദികള്‍ ജ്ഞാനികളെ കൂടുതല്‍ കൂടുതല്‍ പവിത്രീകരിക്കുകയാണ് ചെയ്യുന്നത്.അവയെ ത്യജിക്കുന്നത് ശരിയല്ല.അങ്ങനെയുള്ള ത്യാഗം താമസികത്യാഗം ആയിരിക്കുമെന്നും ശ്രീകൃഷ്ണന്‍ തുടര്‍ന്നുവരുന്ന ശ്ലോകത്തില്‍ പറയുന്നു.സ്വയം ജ്ഞാനിയെന്നു കരുതി ദാനാദികളെ ഉപേക്ഷിക്കുന്നവന്‍ ജീര്‍ണതയെ പ്രാപിക്കും.ഇതാണ് മന്ത്രത്തിലും പറയുന്നത്.ഉത്തമമായ വ്രതചാരികളായ ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ അഥവാ ഉത്തമ വ്രതചാരികളല്ലാത്ത ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കും എന്ന്.


ജ്ഞാനികളുടെ ധര്‍മം ദാനമഹത്വത്തെക്കുറിച്ച് അന്യരെ ഉപദേശിച്ച് അവരെക്കൂടി ദാനത്തിന് പ്രേരിപ്പിക്കുക എന്നതാണ്.സ്വയം ദാനം ചെയ്യാത്ത ജ്ഞാനിക്ക് മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കാന്‍ കഴിയുകയില്ല.അതിനാല്‍ ജ്ഞാനവും ദാനവും ഒരുമിച്ചുപോകേണ്ടതുണ്ട്.ജ്ഞാനിക്ക് ഇതിനുള്ള ഉത്തമമായ മാതൃക സാക്ഷാല്‍ പരമേശ്വരന്‍തന്നെയാണ്.ഈശ്വരന്‍ ഇക്കണ്ട പ്രപഞ്ചത്തെയെല്ലാം സൃഷ്ടിച്ചത് തനിക്കുവേണ്ടിയാണോ? അല്ല എന്നാണ് ഷഡ്ദര്‍ശനഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകുക.പ്രപഞ്ചസൃഷ്ടി സ്വാര്‍ഥമല്ല, പരാര്‍ഥമാണ്. (സംഹത പരാര്‍ഥത്വാത് - സാംഖ്യദര്‍ശനം) ജീവാത്മാക്കളുടെ ഭോഗത്തിനും അപവര്‍ഗം അഥവാ മോക്ഷത്തിനുംവേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നല്‍കിയിരിക്കുന്നത്.(ഭോഗാപവര്‍ഗാര്‍ഥം ദൃശ്യം-യോഗദര്‍ശനം). ഏറ്റവും മഹത്തായ ദാനമാണ് അത്. മാത്രമല്ല, ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള സകലജ്ഞാനത്തിന്റെയും ബീജത്തെ ഉള്‍ക്കൊള്ളുന്ന വേദങ്ങളെ നമുക്ക് നല്‍കിയതും ആ ഈശ്വരന്‍തന്നെ. (ശാസ്ത്രയോനിത്വാത്-വേദാന്തദര്‍ശനം തത്ര നിരതിശയം സര്‍വജ്ഞബീജമ്-യോഗദര്‍ശനം)


അതായത് ജ്ഞാനികള്‍ക്ക് ഏറ്റവും വലിയ മാതൃക സര്‍വജ്ഞാനിയായ ഭഗവാന്‍തന്നെയാണ്.ആ ഭഗവാനാകട്ടെ മഹത്തായ ദാനിയുമാണ്.അഥവാ ജ്ഞാനത്തിന്റെയും ദാനത്തിന്റെയും പരിധി ഭഗവാനാണ്.ആ ഭഗവാനില്‍നിന്നുമാണ് നാം പ്രേരണ നേടേണ്ടത്.ഭേദംവിനാ സര്‍വരും ദാനം ചെയ്യേണ്ടതാണ്.ദാനം നമ്മെ ശോകങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും സംരക്ഷിക്കും.ഇത് വേദം നല്‍കുന്ന ഉറപ്പാണ്