Wednesday, May 29, 2019

കുട്ടിച്ചാത്തന്‍ തെയ്യം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ കാളകാട്ടു ഇല്ലവുമായി ബന്ധപ്പെട്ട തെയ്യമാണ് വൈഷ്ണവാംശമുള്ള കുട്ടിച്ചാത്തന്‍.

നമ്പൂതിരിമാര്‍ ആരാധിക്കുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ് ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

ശിവനും പാര്‍വതിയും വള്ളുവനും വള്ളുവ ത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് കരുവാള്‍, കുട്ടിച്ചാത്തന്‍ എന്നീ പേരുകളില്‍ രണ്ടു മക്കളുണ്ടായി. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവും നെറ്റിയില്‍ പൂവ്, തൃക്കണ്ണ് എന്നിവയു മായാണ് ജനിച്ചത്. ഇതില്‍ നിന്ന് ശിവപാര്‍വതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധി യുള്ളവനായിരുന്നെങ്കിലും കുട്ടിച്ചാത്തന്‍ ഗുരുവിനെ അനുസരിക്കാന്‍ തീരെ തയ്യാറായില്ല. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു, കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു.

ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ. ഇതറിഞ്ഞ കാളകാടര്‍ വിശന്നു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. കോപം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളക്കൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.

വിവരമറിഞ്ഞ കാളകാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമ കുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.

പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു

ഓടപ്പൂവ്

വൈശാഖ വേളയില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടന ത്തിനെത്തുന്നവര്‍ കൈവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുവശവും തൂക്കിയിട്ടിരിക്കുന്ന ഈ പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന  ഇവ ആകര്‍ഷണീയതയുടെ മറ്റൊരു മുഖമാണ്.

ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ് ഈ ദേവസ്ഥാനം.  ഓടപ്പൂവെന്ന താടി പ്രസാദവുമായാണ് തീർത്ഥാടകരുടെ മടക്കം.

ക്ഷേത്രസങ്കല്പത്തിനും ക്ഷേത്രാരാധനയ്ക്കും പുതിയ മാനം കൈവരുത്താൻ ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങൾപോലെ ഇവിടത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്.

ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു. ഓടപ്പൂ പ്രസാദവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെ. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ കൂടിയാലോചന എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി.

എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽ നിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം.
ദക്ഷൻ തന്റെ ശാപമുക്തിക്കു വേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു.

ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയുമറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.

സതി ശിവന്റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുകതന്നെ ചെയ്തു.

ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല. അച്ഛന്റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ച് കൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല.

വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തു വെന്നറിഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു. അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു.

ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.

വയനാടൻ മലനിര കളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പു കൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്.
 ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള  ദിവസങ്ങളിൽ ഉത്സവം കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.

ഭണ്ഡാരം എഴുന്നള്ളത്തുനാൾ മുതൽ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ.  പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്.

വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.

ഉച്ചിട്ട

'അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.

'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും, വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം.

മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍.

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായി യെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നു വെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

മടയില്‍ ചാമുണ്ഡി

പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി.

മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാ ലാണ്  ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൗശികി ദേവിയുടെ അംശാവതാരം.

ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ഡമുണ്ഡന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് 'മടയില്‍ ചാമുണ്ഡി' എന്ന പേര്‍ വന്നത് എന്നും പറയുന്നു.

ഇവരെ പാതാളം വരെ പിന്തുടര്‍ന്ന് വധിച്ചതിനാല്‍ 'പാതാളമൂര്‍ത്തി' എന്നും പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്.

നാട്ടുപുരാവൃത്തം ഇങ്ങനെ: പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതായപ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കേട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ. എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അതുകേട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകരമൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞു. അലന്തട്ട മടവാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.

ബാലിസുഗ്രീവ യുദ്ധം

ബാലിസുഗ്രീവന്മാരുടെ ദ്വന്ദയുദ്ധമാരംഭിച്ചു. അന്യോന്യം അടിച്ചും മുഷ്ടികള്‍ മുറുക്കെ ചുരുട്ടി മാറത്തടിച്ചും കരചരണങ്ങള്‍ ഞെരിച്ചും അവര്‍ ഘോരയുദ്ധം തുടങ്ങി.

അതിനിടയില്‍ ബാലി തന്റെ കരുത്തുറ്റ വലതു കൈ ചുരുട്ടി ഊക്കിലൊരു കുത്ത് സുഗ്രീവന്റെ നെഞ്ചത്തു നല്‍കി. സുഗ്രീവന്റെ തലയ്ക്കകത്ത് മിന്നല്‍ പിണരുകള്‍ പാഞ്ഞു. വായില്‍ നിന്ന് ചോരയൊഴുകി. സുഗ്രീവന്‍ ഭയന്നു. ഇനിയും യുദ്ധം തുടര്‍ന്നാല്‍ ജീവന്‍ പോകുമെന്ന ഭയത്താല്‍ അവിടം വിട്ടോടി രാമസന്നിധിയിലെത്തി.

കോപവും, സങ്കടവും, ഭയവും കലര്‍ന്ന ശബ്ദത്തില്‍ രാമനെ നോക്കി ഇങ്ങനെ പറഞ്ഞു;  'അങ്ങെന്തിനാണ് ശത്രുവിന്റെ മുമ്പിലേക്ക് ഇട്ടുകൊടുത്ത് എന്നെ കൊല്ലാക്കൊല ചെയ്യിക്കുന്നത്.  അവിടുന്നെന്റെ സഖാവാണെന്ന് സത്യം ചെയ്തിട്ടുണ്ടല്ലോ? അതുകൊണ്ട് ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാതെ അങ്ങു തന്നെ എന്നെ കൊല്ലുക. ബാലി അങ്ങയെ വശീകരിച്ചോ?  അങ്ങ് എന്നോട് കപടസത്യം ചെയ്തതാണോ? അന്യനായ അങ്ങയെ വിശ്വസിച്ചത് എന്റെ തെറ്റ്. അല്ലെങ്കില്‍ വേണ്ട, അങ്ങെന്നെ കൊല്ലേണ്ട, ഞാന്‍ എന്റെ ജ്യേഷ്ഠന്റെ കൈയാല്‍ മരിച്ചു കൊള്ളാം.' ഇത്രയും പറഞ്ഞ് സുഗ്രീവന്‍ ദയനീയമായി കരയാന്‍ തുടങ്ങി.

ക്ഷമയോടെ അതെല്ലാം കേട്ട ശേഷം രാമന്‍ സുഗ്രീവനെ ആശ്വസിപ്പിച്ചു. 'സുഗ്രീവാ, എന്നോടു ക്ഷമിക്കുക. നിങ്ങളുടെ യുദ്ധം മുറുകിയപ്പോള്‍ രക്തത്തില്‍ കുളിച്ചു നിന്ന നിങ്ങളെ തിരിച്ചറിയാന്‍ പറ്റാതായി. പോരാത്തതിന് നിങ്ങള്‍ക്കിരുവര്‍ക്കും സമ്പൂര്‍ണ സാമ്യമാണുള്ളത്. ഞാനയക്കുന്ന ബാണം മാറിത്തറച്ചാല്‍ മഹാവിപത്താകും ഫലം. അങ്ങനെയൊരനുഭവം എന്റെ അച്ഛന് മുമ്പ് ഉണ്ടായിട്ടുള്ളതാണ്. അങ്ങ് വീണ്ടും യുദ്ധമുഖത്തേക്ക് പോകണം. തിരിച്ചറിയാന്‍ വ്യക്തമായൊരു തെളിവു വേണം. ബാലിയുടെ കഴുത്തില്‍ ഇന്ദ്രന്‍ നല്‍കിയൊരു മാലയുണ്ട്. അങ്ങയുടെ കഴുത്തില്‍ ഞാന്‍ ഒരു മാല്യമണിയിക്കാം. ഇരുവരേയും തിരിച്ചറിയിക്കാന്‍ എനിക്കത് ഉപകരിക്കും.'

ലക്ഷ്മണനെ കൊണ്ട് ഒരു പൂമാലയുണ്ടാക്കി, രാമന്‍ സുഗ്രീവന്റെ കഴുത്തിലണിയിച്ചു. വീണ്ടും സുഗ്രീവനെ ബാലിയോട് ഏറ്റുമുട്ടാനയച്ചു. സുഗ്രീവന്‍ വീണ്ടും പോര്‍വിളി നടത്തുന്നതു കണ്ട് പൂര്‍വാധികം ക്ഷോഭിച്ച് ബാലി അവിടേക്ക് പുറപ്പെട്ടു.  എടുത്തു ചാടി യുദ്ധത്തിനിറങ്ങിയ ബാലിയെ ഭാര്യയായ താര തടഞ്ഞു നിര്‍ത്തി പറഞ്ഞു;  'അങ്ങയുടെ  ഈ പുറപ്പാട് ശരിയാണെന്നു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ട് അവശനായി ഓടിരക്ഷപ്പെട്ട സുഗ്രീവന്‍ ഒന്നു വിശ്രമിക്കും മുമ്പേ വീണ്ടും ഓടിയെത്തി യിരിക്കുകയാണ്. വിശ്വസ്ഥനായ ഒരു ചാരനില്‍ നിന്നും എനിക്കൊരു വാര്‍ത്ത കിട്ടിയിരിക്കുന്നു. രണ്ട് വീരയുവാക്കള്‍ സുഗ്രീവന്റെ അതിഥികളായി വന്നിട്ടുണ്ട്. സംന്യാസ വേഷത്തിലാണ് അവര്‍ ഋശ്യമൂകാചലത്തിലെത്തിയിരിക്കുന്നത്. അവരും സുഗ്രീവനുമായി ഏതോ സഖ്യത്തിലെത്തിയിരിക്കുന്നു. അങ്ങയുമായി ബന്ധപ്പെട്ടായിരിക്കും. അത്.' 

ഭയാശങ്കകളോടെ നിന്ന താരയോട് സുഗ്രീവനേയും അവന്റെ കൂട്ടാളികളേയും വകവരുത്താന്‍ തനിക്ക് ഒരു പ്രയാസവു മില്ലെന്നായിരുന്നു ബാലിയുടെ മറുപടി.

പെരുമ്പുഴയച്ചന്‍ തെയ്യം

വള്ളുവ സമുദായ ക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം.

വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാളദേവനും വാരിക്കാദേവിയും കുഞ്ഞുങ്ങളില്ലാതെ വിഷ്ണുവിനെ ഭജിച്ച് വരം നേടി. അവര്‍ക്ക് ഒരു വീരസന്താനം ജനിക്കുമെന്നും സ്വദേശം വിട്ട് മലനാട്ടില്‍ പോയി ആ സന്താനം ഒരു പരദേവതയായി തീരുമെന്നുമായിരുന്നു വരം.

അങ്ങനെപിറന്ന മകനെ അവര്‍ വിദ്യകള്‍ പഠിപ്പിച്ചു. ഒരിക്കല്‍ അമ്മാവനായ വടുവ ചെട്ടിയെ കൊണ്ടു കച്ചവടത്തിന് പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി അമ്മാവന്‍ നല്‍കിയ എരുതുകളുമായി (കാളകള്‍) ചങ്ങാതിമാരുടെ കൂടെ പല നാടുകള്‍ ചുറ്റി തിരുനെല്ലിയില്‍ എത്തുന്നു. ചരക്കുകള്‍ ഇറക്കി വെച്ച് വിശ്രമിച്ച ഇവര്‍ തായലെ പെരുമാള്‍ക്ക് വഴിച്ചുങ്കം കൊടുത്തുവെങ്കിലും മീത്തലെ പെരുമാള്‍ക്ക് ചുങ്കം നല്‍കാത്തതിനാല്‍ പെരുമാള്‍ ദ്വേഷ്യപ്പെടുകയും തന്റെ മാന്ത്രിക ശക്തി കൊണ്ട് എരുതുകളെയെല്ലാം കരിങ്കല്ലുകളാക്കി മാറ്റുകയും ചെയ്തു.

വെള്ളക്കാളകള്‍ വെങ്കല്ലായും, ചെമ്പന്‍ കാളകള്‍ ചെങ്കല്ലായും കരിംകാളകള്‍ കരിങ്കല്ലായും മാറി. ചരക്കെല്ലാം ചാരമായി. സംഘത്തിലെ ആറു പേരും ആപത്തില്‍ പെട്ടു. മാരിപ്പനിയും പെരുന്തലക്കുത്തും പിടിപ്പെട്ടു വായിലും മൂക്കിലും ചോര വാര്‍ന്നു. ദിക്കും ദേശവുമറിയാതെ പരസ്പ്പരം അകന്ന് മരണമടഞ്ഞു. പെരിയ (വഴി) പിഴച്ച വടുവ ചെട്ടിയുടെ മരുമകന്‍ പെരുമ്പുഴയില്‍ (പെരുമ്പ പുഴ) ഇറങ്ങി മരണമടഞ്ഞു. അവനെ വള്ളുവന്‍മാര്‍ കണ്ടെത്തി. അവന്‍ പെരുമ്പുഴയച്ചന്‍ എന്ന പേരില്‍ ദൈവമായി മാറി.

രാമേശ്വരം

ലങ്കാദഹനത്തിനു ശേഷം തിരിച്ചെത്തിയ ഹനുമാന്‍ ലങ്കയിലെ കാര്യങ്ങള്‍ വിവരിച്ചു. ഹനുമാന്‍ പറഞ്ഞതു കേട്ട രാമന്‍  സുഗ്രീവനോടു പറഞ്ഞു. സുഗ്രീവ, സൈന്യത്തോടു പുറപ്പെടാന്‍ പറയൂ. ഇത് വിജയ മുഹൂര്‍ത്തമാണ്. ഈ സമയത്ത് പുറപ്പെട്ട് രാവണനേയും ലങ്കാ നഗരിയേയും നിശേഷം നശിപ്പിച്ച് സീതയെ വീണ്ടുകൊണ്ടുവരും. രാമ വാക്കുകള്‍ കേട്ട ഉടന്‍ വാനരസൈന്യം പുറപ്പെട്ടു. ഭൂമി മുഴുവന്‍ നിറഞ്ഞു കൊണ്ട് യാത്രചെയ്തു. വാലുകളെ ചലിപ്പിച്ചു കൊണ്ടും വൃക്ഷങ്ങളെ പിഴുതെറിഞ്ഞുകൊണ്ടും പര്‍വതങ്ങള്‍ കയറി ക്കടന്നുകൊണ്ടും അവര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. വിശ്രമമില്ലാതെ യാത്രചെയ്ത്, പലപല വനങ്ങളും സഹ്യം, മലയം എന്നീ പര്‍വതങ്ങളും കടന്ന് അവസാനം തെക്കേ സമുദ്രതീരത്തെത്തി.

ഇന്നത്തെ രാമേശ്വരമായിരുന്നു ആ തീരം. വരുണ ദേവനെ പ്രീതിപ്പെടുത്തിയ രാമന്‍, സുഗ്രീവന്റെ സമ്മതത്തോടെ സേതു ബന്ധിക്കാന്‍ നളനോട്  നിര്‍ദ്ദേശിച്ചു. സേതു ബന്ധനത്തിനു മുന്‍പ് രാമന്‍ സമുദ്രക്കരയില്‍ ശിവനെ രാമേശ്വരനായി പ്രതിഷ്ഠിച്ച് പൂജിച്ചു. ''ഇവിടെ സേതുബന്ധന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് രാമേശ്വരനെ ദര്‍ശിക്കുകയും അതിനുശേഷം കാശിയില്‍ ചെന്ന് വിശ്വനാഥനെ ദര്‍ശിക്കുകയും ചെയ്യുക. അവിടെനിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരന് അഭിഷേകം ചെയ്യുക. ശേഷം ഇവിടെ സമുദ്രസ്നാനം ചെയ്യുന്നവന്‍ സകലപാപങ്ങളും തീര്‍ന്ന് മുക്തനാകും. സംശയമില്ല

രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയത കൂടുതല്‍ തുളുമ്പുന്ന സ്ഥലം രാമേശ്വരമാണ്. രാമന്‍ ഈശ്വരനായി ഇരിക്കുന്ന ഇടം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയും. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ല.

രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. രാമനാഥസ്വാമി ക്ഷേത്രംതന്നെ പ്രധാന ആകര്‍ഷകം. രാമേശ്വരത്ത്  രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതു. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന്  വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് കൊണ്ടു വരാന്‍ ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത  ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ചതാണ് . ഭാരതത്തില്‍ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവ പ്രതിഷ്ഠയുള്ളക്ഷേത്രം. പന്ത്രണ്ട് ജ്യോതിര്‍ ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രദക്ഷിണ ഇടവഴികള്‍  ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതും.

രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥമാണ് ലക്ഷ്മണ തീര്‍ഥ. തന്റെ തെറ്റുകള്‍ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണന്‍ ശിവലിംഗം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച സ്ഥലത്താണ് ഈ തീര്‍ഥം. അഗ്നി തീര്‍ഥത്തില്‍ നിന്നും ഒന്നര കിലോമീറ്ററും രാമേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇതിനടുത്തുതന്നെ രാമ തീര്‍ത്ഥവും സീതാ തീര്‍ത്ഥവും ഉണ്ട്. രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീര്‍ഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി തങ്ങളുടെ ജട ഇവിടെ കഴുകി എന്നതാണ് ഈ തീര്‍ഥത്തിന്റെ ഐതിഹ്യം.  രാമേശ്വരത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീര്‍ഥം. സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.

രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിര്‍ഭാഗത്താണ് അഗ്നി തീര്‍ഥം. രാവണനെ കൊന്നതിനു ശേഷം രാമന്‍ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താല്‍ എല്ലാ കറകളില്‍ നിന്നും മോചിതരാകുമെന്നും  ചിതാഭസ്മം ഇവിടുത്തെ തീര്‍ഥത്തില്‍ ഒഴുക്കിയാല്‍ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.

മറ്റൊരു പുണ്യ തീര്‍ഥമാണ് ധനുഷ്‌കോടി തീര്‍ഥ. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിര്‍മ്മിച്ചത്.

രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദന പര്‍വതം സ്ഥിതിചെയ്യുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടാന്‍ തയ്യാറെടുത്തത്.  ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടു കൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ധനുഷ്‌ കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ്.  ഇവിടെയാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതും. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗ പ്രതിഷ്ഠോത്സവം.

രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാന്‍ ക്ഷേത്രം  പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അഞ്ചു മുഖങ്ങളും ഹനുമാന്‍ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത്. നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാന്‍ എന്നീ അഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തില്‍ കാണുവാന്‍ സാധിക്കുക. 1964 ല്‍ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തില്‍ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ഇവിടെ കാണാം. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണ്.

തിരുപുല്ലാണി വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാര ശമനം നടത്തിയതാ യുമാണ് ഐതിഹ്യം. ദേവിപട്ടണം ദേവീ ക്ഷേത്രമാണ് മറ്റൊരു പുണ്യസ്ഥലം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു.

രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി  മത്സ്യബന്ധനത്തുറമുഖമാണ് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയില്‍ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെ  നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയങ്ങളില്‍  ഒന്നാണ്.

രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരത്തിനു പുറമെ തമിഴ് നാട്ടില്‍ തൃച്ചിനാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവയ്യൂര്‍, പുതുക്കോട്,  എന്നീ ജില്ലകളിലും ശ്രീരാമ വനയാത്രയുടെ ശേഷിപ്പുകളുണ്ട്.

തഞ്ചാവൂരിലെ 108  ശിവലിംഗ ക്ഷേത്രം ശ്രാരാമന്‍ നിര്‍മ്മിച്ചതാണ്. ഖരന്‍, ദുശ്ശാസനന്‍, തൃശ്ശിരസ് എന്നിവരെ വധിച്ച ശേഷം രാമന്‍ ഇവിടെ പാപ പരിഹാര്‍ത്ഥം ശിവ പൂജ നടത്തി എന്നു സങ്കലപം. ഇവിടുത്തെ കോദണ്ഡ രാമ ക്ഷേത്രവും രാമായണ ബന്ധിതമാണ്. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധ ചടങ്ങുകള്‍ നടത്തി എന്നു കരുതുന്ന സ്ഥലമാണ് തിരുവയ്യൂരിലെ ഗയ കരയി. അവിടെ പുരാതന ശിവ ക്ഷേത്രാണുള്ളത്. സമീപത്തു തന്നെ രാമ സ്വാമി ക്ഷേത്രവും ഉണ്ട്.

ശിരാമന്‍ ശിവ പൂജയ്ക്കായി എത്തി എന്നു കരുതുന്ന ക്ഷേത്രമാണ് നാഗപട്ടണത്തെ വേദരായനേശ്വര്‍ ക്ഷേത്രം. ശിവന്‍ ഡംബുരി കൊട്ടി വേദങ്ങള്‍ ഉരുവിട്ടത് അവിടെ എന്നതാണ് സങ്കല്പം. ശ്രീരാമന്‍ അയോധ്യയിലേക്ക് ചിറ കെട്ടാന്‍ ആദ്യം തീരുമാനിച്ചു എന്നു കരുതുന്ന കോടികരയും നാഗപട്ടണത്താണ്. അവിടെ വനത്തില്‍ രാമപാദം എന്ന കരുതുന്ന കാല്‍ അടയാളം ഉണ്ട്.

കല്ല്യാണരാമ ക്ഷേത്രം പുതുക്കോട് ജില്ലയിലാണ്. സീതാ സ്വയംവരം നേരി്ല്‍ കാണാന്‍ കഴിയാഞ്ഞതിന്റെ ദുഖം ഋഷിമാര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കായി സ്വയംവരത്തിന്റെ രംഗങ്ങള്‍ കൊത്തി വെച്ചു. ഇതിനടുത്തു തന്നെ ശ്രീരാമന്‍ പൂജചെയ്ത ശിവക്ഷേത്രവും ഉണ്ട്.

സപ്തനദികൾ

ഭാരതീയ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യ നദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്.

ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ.

രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു
ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

"ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"

ബപ്പിരിയന്‍ തെയ്യം

ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി.

വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍യാത്ര നടത്താന്‍ തീരുമാനിച്ച് തന്റെ ആറു ആങ്ങളമാരെയും കൂട്ടി യാത്ര ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്ക യാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കപ്പല്‍ തകര്‍ന്ന്  എല്ലാവരും കടലില്‍ പതിച്ചു.

തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കയറി പിടിച്ചു ഏഴു ദിവസത്തോളം അവര്‍ കടലില്‍ ചെലവിട്ട് എട്ടാംദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവര്‍ പരസ്പ്പരം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് പോയി. കടല്‍ക്കരയില്‍ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലില്‍ ഒരു ചെറു തോണിയില്‍ പോകുന്ന ബപ്പിരിയനെ കാണുന്നു.

സഹായത്തിനായി വിളിച്ച ആര്യപൂങ്കന്നിയെ അവഗണിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ ബപ്പിരിയനെ തന്റെ മാന്ത്രിക കഴിവുകള്‍ കാണിച്ചു അത്ഭുത പ്പെടുത്തി തന്റെ സഹോദരന്‍മാരെ തിരക്കാന്‍ വേണ്ടി കൂടെ കൂട്ടുന്നു. എന്നാല്‍ ഒടുവില്‍ വെണ്മലാറ്റിന്‍ കരയില്‍ വെച്ച് സഹോദരന്മാരെ കണ്ടെത്തി. അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചു. ആര്യപ്പൂങ്കന്നി ബപ്പിരിയനുമായി മലനാട്ടിലെ കൂരന്‍ കുന്നിലെത്തുന്നു. അങ്ങനെ അവിടെ തളിപ്പറമ്പ് കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ നേടുന്നു. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്.

അമ്പലപ്പുഴയില്‍ മുപ്പതിനായിരം കളഭം

ചെമ്പകശ്ശേരി രാജ്യത്ത് അന്നുണ്ടായിരുന്ന മുപ്പതിനായിരം കുടുംബങ്ങളുടെ ക്ഷേമത്തിനായി ക്ഷേത്രത്തില്‍ തുടങ്ങിയ ചടങ്ങാണ് മുപ്പതിനായിരം കളഭം എന്നാണ് വിശ്വാസം. എടവമാസം ഒന്നാം തീയതി മുപ്പതിനായിരം കളഭത്തോടൊപ്പം ഉദയാസ്തമനപൂജയും രാജാവ് ചിട്ടപ്പെടുത്തി യിട്ടുണ്ട്. കളഭാഭിഷേകവും ഉദയാസ്തമനപൂജയും ഒരേ സമയം നടക്കുന്ന അപൂര്‍വ്വ ചടങ്ങു കൂടിയായി ഇതോടെ മുപ്പതിനായിരം കളഭം മാറും.

കളഭനാളില്‍ മുപ്പതിനായിരം കുടുംബങ്ങളിലേയും ഓരോ അംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തണമെന്ന കല്‍പ്പനയും അന്ന് രാജാവ് പുറപ്പെടുവിച്ചിരുന്നു. ഇത്രയും ആളുകള്‍ എത്തുമ്പോള്‍ അവര്‍ക്കു കുളിക്കാന്‍ പ്രത്യേകം കുഴിച്ച കുളമായിരുന്നു ഇന്ന് സര്‍ക്കാര്‍ നികത്തി കോളേജ് നിര്‍മ്മിച്ച പുത്തന്‍കുളം. കളഭ ദിവസം രാവിലെ ആനപ്പുറത്ത് പ്രഭാത ശീവേലി നടക്കും. തുടര്‍ന്ന് പന്തീരടി പൂജയ്ക്കു ശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രീഭൂതബലി നടക്കും. ശ്രീഭൂതബലിയെ തുടര്‍ന്ന് ഉദയാസ്ഥമനപൂജ ആരംഭിക്കും. ഉദയാസ്തമനപൂജയില്‍ 18 പൂജകളാണ് ഉണ്ടാവുക. അതില്‍ ഒന്നാമത്തെ പൂജ ഇന്നലെ നടന്നു. തുടര്‍ന്ന് 17 പൂജകള്‍ പൂര്‍ത്തിയാക്കി ദേവന് കളഭം അഭിഷേകം ചെയ്യും.

കളഭാഭിഷേകത്തിന്റെ കളഭപൂജ രാവിലെ പത്തോടെ ആരംഭിക്കും. ചന്ദനം, പനിനീര്, പച്ചക്കര്‍പ്പൂരം, കുങ്കുമപ്പൂവ് എന്നിവയും ചേര്‍ത്ത് തയാറാക്കുന്ന കളഭം പൂജിക്കും. തന്ത്രി ശ്രീകോവിലെത്തി പീഠം പൂജിച്ചതിനു ശേഷം തന്ത്രിയുടെ അനുവാദത്തോടെ ക്ഷേത്രം കോയ്മസ്ഥാനി പാണി കൊട്ടിച്ച് കളഭം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ദേവന് അഭിഷേകം ചെയ്യും. വൈകിട്ട് ദീപാരാധനയോട് അനുബന്ധിച്ച് ചുറ്റുവിളക്കും ഉണ്ടാവും. രാത്രിയില്‍ 10 പ്രദക്ഷിണങ്ങളിലായി വിളക്കെഴുന്നള്ളിപ്പും ഉണ്ടാവും. ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ സ്വര്‍ണത്തിടമ്പേറ്റും. കളഭദിനമായ ഇന്ന് പാല്‍പായസ വിതരണത്തിനും സമയമാറ്റം ഉണ്ടാവും.

യോഗി കുണ്ഡലിയെ അറിയുന്നവന്‍

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

 ഹഠയോഗ പ്രദീപിക

സുഷുമ്നാ മാര്‍ഗത്തില്‍ 3 ഗ്രന്ഥികള്‍, മൂന്ന് കെട്ടുകള്‍, മൂന്നു കമ്പുകള്‍ ഉണ്ട് - ബ്രഹ്മഗ്രസ്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവ. അതിലാദ്യത്തേത്, മൂലാധാരത്തിലേതാണ്. ഈ കെട്ടഴിഞ്ഞാലേ ഇപ്പോഴത്തെ ബോധതലത്തില്‍ നിന്ന് മാറാന്‍ കഴിയൂ. അത് ഒരു സൃഷ്ടി പ്രക്രിയയാണ് - ദേശ കാലങ്ങളെ അതിക്രമിക്കുന്ന പുതുജന്മം. അപ്പോള്‍ ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയും മോക്ഷത്തില്‍ ഇച്ഛയും ഉണരും. അതാണ് സ്വാത്മാരാമന്‍ പറയുന്നത്, ഇന്ദ്രിയ സുഖങ്ങളില്‍ ഭ്രമിക്കുന്ന മൂഢന്റെ ബന്ധനത്തിനും അല്ലാത്തവന്റെ, യോഗിയുടെ മോചനത്തിന്നും ഈ ഗ്രന്ഥി കാരണമാവും എന്ന്.

കുണ്ഡലീ കുടിലാകാരാ
സര്‍പ്പവത് പരികീര്‍ത്തിതാ
സാ ശക്തിശ്ചാലിതാ യേന
സ മുക്തോ നാത്ര സംശയ: - 3 - 108

കുണ്ഡലി, സര്‍പ്പത്തെപ്പോലെ ചുരുണ്ടിരിക്കുന്നു. ആ ശക്തിയെ ചലിപ്പിക്കുന്നവന്‍ മുക്തനാകും. സംശയമില്ല.

മൂലാധാരചക്രത്തില്‍, 'ധൂമ്രലിംഗ 'ത്തില്‍ (പുകയുടെ നിറത്തിലുള്ള കൊച്ചു ശിവലിംഗത്തില്‍) മൂന്നര തവണ ചുറ്റിയിരിക്കുകയാണ് കുണ്ഡലിനി. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളാണ് മൂന്നു ചുറ്റ്. ഓങ്കാരത്തിലെ മൂന്ന് ശബ്ദങ്ങളെയും ഇതു പ്രതിനിധാനം ചെയ്യുന്നു. അരച്ചുറ്റ് തുരീയാവസ്ഥ യെ കാണിക്കുന്നു. ശിവലിംഗം സൂക്ഷ്മ ശരീരം തന്നെ.

ഗംഗാ യമുനയോര്‍മദ്ധ്യേ
ബാലരണ്ഡാം തപസ്വിനീം
ബലാത്കാരേണ ഗൃഹ്ണീയാത്
തദ്വിഷ്ണോ: പരമം പദം - 3 - 109

ഗംഗയുടെയും യമുനയുടെയും മധ്യത്തില്‍ തപസ്വിനിയായ ബാലരണ്ഡ ഇരിക്കുന്നു. അതിനെ പരിശ്രമിച്ചു പിടിക്കണം. അത് വിഷ്ണുവിന്റെ പരമപദമാണ്.

ഇഡാ ഭഗവതീ ഗംഗാ
പിങ്ഗളാ യമുനാ നദീ
ഇഡാ പിംഗളയോര്‍ മധ്യേ
ബാലരണ്ഡാ ച കുണ്ഡലീ - 3 -1 10

ഇഡ ഗംഗയും പിംഗള യമുനയും ആണ്. ഇഡാ - പിംഗളകളുടെയിടയില്‍ കുണ്ഡലിയായ ബാലരണ്ഡയിരിക്കുന്നു.

ഗംഗാനദി ഇഡാ നാഡിയാണ്. യമുന പിംഗളയും.  അവ രണ്ടും പ്രത്യക്ഷമാണ്. ശരീരം, മനസ്സ് എന്നീ ബോധം നില നിറുത്തുന്നത് ഈ നാഡികള്‍ ആണ്.

മനസ്സിന്റെ സ്വഭാവമാണ് ഗംഗയ്ക്ക്, ഇഡയ്ക്ക്. ഇളകി മറിയുന്ന, സര്‍വത്തിനെയും ഒഴുക്കിയൊടുക്കുന്ന ഭീകര ശക്തിയാണത്. ശിവനാണ് തന്റെ ജടയിലൊതുക്കി അതിനെ നിയന്ത്രിച്ച് ഉപയോഗയോഗ്യമാക്കിയത്. തരം കിട്ടിയാല്‍ അത് കൂലം കുത്തിയൊഴുകും. ദേശബോധം (സ്ഥല ബോധം) ആണ് ഇത് കാണിച്ചുതരുന്നത്. തലച്ചോറിന്റെ വലത്തെ പകുതിയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

യമുന ശാന്തമായ നദിയാണ്. പ്രാണനാണ് യമുന എന്ന പിംഗള. അതിന്റെ കരയിലാണ് ശ്രീകൃഷ്ണന്‍ താമസിച്ചത്. കാളിയനെന്ന വിഷസര്‍പ്പം കുറെക്കാലം അതില്‍ വസിച്ച് അതിനെ വിഷമയമാക്കി. കാലത്തിന്റെ സൂചകനാണ് കാളിയന്‍. ഇടതു തലച്ചോറിന്റെ ഉടമ. കൃഷ്ണന്‍ അതിനെ ജയിച്ചു. യമുന ചിലകാലം വറ്റാറുണ്ട്, പ്രാണശക്തി പോലെ.

അവയുടെ ഇടയിലാണ് സുഷുമ്ന (സരസ്വതി) ഇരിക്കുന്നത്. അത് അന്തര്‍വാഹിനിയാണ്, അപ്രത്യക്ഷയാണ്, ആത്മീയശക്തിയാണ്.

ഇവ മൂന്നും ഒന്നായിത്തീരുന്നു അലഹബാദിനടുത്തുള്ള പ്രയാഗില്‍, ആജ്ഞാചക്രത്തില്‍. ഭൂമിശാസ്ത്രപരമായും അതിനുള്ള പ്രാധാന്യം മഹാകുംഭമേളയില്‍ ദൃശ്യമാണ്.

രണ്ഡ എന്നാല്‍ വിധവ. ബാലരണ്ഡ  എന്നാല്‍ ചെറുപ്പക്കാരിയായ വിധവ. അവള്‍ (കുണ്ഡലിനി) ഗംഗാ - യമുനകള്‍ (ഇഡാ - പിംഗളകള്‍) ക്കിടയില്‍ തപസ്സ നുഷ്ഠിക്കുകയാണ്, ഉപവാസമിരിക്കുകയാണ്. ഭര്‍ത്താവ് ശിവന്‍ അകലെ കൈലാസത്തില്‍ (സഹസ്രാരത്തില്‍) തപസ്സിരിക്കുകയാണ്. അതുകൊണ്ട് വിധവയാണ്. അകന്നിരിക്കല്‍ തന്നെ തപസ്സാണ്.

പുച്ഛേ പ്രഗൃഹ്യ ഭുജഗീം
സുപ്താമുദ്ബോധയേച്ച താം
നിദ്രാം വിഹായ സാ ശക്തി
രൂര്‍ധ്വമുത്തിഷ്ഠതേ ഹഠാത് - 3 - 111

ഉറങ്ങിക്കിടക്കുന്ന ആ സര്‍പ്പത്തെ വാലില്‍ പിടിച്ചുണര്‍ത്തണം. ഉണര്‍ന്നാല്‍ ആ ശക്തി മുകളിലേക്കുയരും.

ഒരു പാമ്പിന്റെ വാലില്‍ പിടിച്ചാല്‍ ഉടന്‍ അത് ശക്തമായി പിടച്ച് ഉയരും. ബന്ധനം വിടുവിക്കാന്‍ ശ്രമിക്കും. ഇവിടെ വാല്‍ മൂലാധാരചക്രം തന്നെ. ഇഡാ - പിംഗളകളെ
അടച്ച് സുഷുമ്ന തുറക്കണം. രണ്ടു മൂക്കിലൂടെയും ശ്വാസം തുല്യമായി പോകുന്നത് നാഡീശുദ്ധിയുടെ, സുഷുമ്നാ നാഡി തുറന്നതിന്റെ ലക്ഷണമാണ്. അനുലോമ - വിലോമ, അഥവാ നാഡീശുദ്ധി പ്രാണായാമത്തിന് വളരെയേറെ പ്രാധാന്യമാണ് നല്കപ്പെട്ടിട്ടുള്ളത്.

അന്നപൂർണേശ്വരി

ശ്രീപാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരി. ഒരു കൈയിൽ അന്നപാത്രവും മറ്റേ കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ദേവിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണുന്നുണ്ട്.

ഐതിഹ്യം

ദേവിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടനയോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവനെ സമീപിച്ച് ഒരിക്കൽ 'വർക്കത്തില്ലാത്ത ഭാര്യയാണ് ഈ ദുര്യോഗത്തിനു കാരണം' എന്ന് നാരദൻ അറിയിച്ചു. അതിനുശഷം അടുക്കളയ്ക്കകത്ത് കടന്നുചെന്ന് അവിടെ പട്ടിണികൊണ്ട് നിരുൻമേഷയായി ഇരുന്നിരുന്ന പാർവതിയോട് 'ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്' എന്നും ഏഷണി പറയുകയുണ്ടായി.

 മഹർഷിയുടെ വാക്കുകളിൽ മനസ്സു പതിഞ്ഞ പാർവതി, പിറ്റേന്നാൾ ശിവൻ ഭിക്ഷാടനത്തിനുപോയ സമയംനോക്കി കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യമറിഞ്ഞ നാരദൻ വഴിയിൽവച്ച് ദേവിയെ ഭർത്താവിന്റെ മറ്റ് അസാമാന്യഗുണങ്ങൾ പറഞ്ഞു ധരിപ്പിച്ച് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കുതന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷയ്ക്കു ചെല്ലുന്ന ഗൃഹങ്ങളിൽ കാലേകൂട്ടിച്ചെന്ന് സ്വയം ഭിക്ഷമേടിച്ചുകൊണ്ടു വരുവാനും മഹർഷി ദേവിയോട് ഉപദേശിച്ചു. ദേവി അതനുസരിച്ച് പ്രവർത്തിച്ചു.

ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നുവലഞ്ഞ് മടങ്ങിവന്നു. കരുണാമയിയായ ദേവി നേരത്തേ സംഭരിച്ചുവച്ചിരുന്ന അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സന്തുഷ്ടനായ ദേവൻ ഉടനെ ദേവിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു.
 ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത് (നോ: അർധനാരീശ്വരൻ). ശിവന് അന്നം ഊട്ടുന്ന ദേവിയെ ആണ് 'അന്നപൂർണേശ്വരി' ആയി സങ്കല്പിച്ചിട്ടുള്ളത്. ഒരു ധ്യാനശ്ളോകം താഴെകൊടുക്കുന്നു:

''രക്താം വിചിത്രനയനാം നവചന്ദ്രചൂഡാ-
മന്നപ്രദാനനിരതാം സ്തനഭാരനമ്രാം
നൃത്യന്തമിന്ദുസകലാഭരണം വിലോക്യ
ഹൃഷ്ടാം ഭജേ ഭഗവതീം ഭവദുഃഖഹന്ത്രീം.''

ഭക്തൻമാർക്ക് അഭീഷ്ടവരങ്ങൾ നല്കുന്നതിൽ സദാസന്നദ്ധയും ദയാപൂർണയും ആയ അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങളുണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയിട്ടുള്ളതാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം.

''നിത്യാനന്ദകരീ, വരാഭയകരീ, സൌന്ദര്യരത്നാകരീ
നിർധൂതാഖിലഘോരപാവനകരീ, പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ, മാതാന്നപൂർണേശ്വരീ.''

എന്നിങ്ങനെ അത് ആരംഭിക്കുകയും,

''അന്നപൂർണേ സദാപൂർണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിധ്യർഥം
ഭിക്ഷാം ദേഹി നമോസ്തുതേ.''
എന്നിങ്ങനെ അവസാനിക്കുകയും ചെയ്യുന്നു.

അന്നപൂർണാഷ്ടകമെന്നാണ് ഈ സ്തോത്രരത്നത്തിന്റെ പേര്. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം).
കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ ചെന്ന് അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ചില ഐതിഹ്യങ്ങളിൽ കാണുന്നു.
 ചൈത്രമാസം (മീനം) വെളുത്ത നവമിദിവസം അന്നപൂർണാദേവിയുടെ പൂജ സവിശേഷമായി ചിലയിടങ്ങളിൽ (ഉദാ. ബംഗാൾ) കൊണ്ടാടി വരുന്നുണ്ട്.

അന്നപൂർണാദേവിയുടെ ഉപാസനാക്രമം തന്ത്രസാരത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ചക്കുളത്തുകാവിലെ നാരീപൂജയുടെ ഐതിഹ്യം

വളരെയേറെ വർഷങ്ങൾക്കു മുമ്പ് ചക്കുളത്തമ്മയുടെ തിരുനടയിൽ അതിവിശേഷമായ ഒരു പൂജ നടക്കുന്ന മുഹൂർത്തം. വാദ്യമേളങ്ങളുടെ താളക്കൊഴുപ്പും വയ്ക്കുരവയുടെ മംഗളനാദവും കൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷം. പൂജയുടെ ഒരു പ്രത്യേക വേളയിൽ തിരുനടയിൽനിന്നിരുന്ന എല്ലാ സ്ത്രീകളും വെളിയിലേക്കിറങ്ങി നിൽക്കുവാൻ നിർദേശമുണ്ടായി. അവിടെ തടിച്ചു കൂടിയിരുന്ന എല്ലാ സ്ത്രീജനങ്ങളും വെളിയിലേക്കിറങ്ങി. പക്ഷെ പ്രായം ചെന്ന ഒരു സ്ത്രീ മാത്രം മതിൽക്കെട്ടിനകത്തു നിൽക്കുകയാണ്. "വെളിയിലേക്കു പോകണമെന്ന് നിങ്ങളോടു പ്രത്യേകം പറയണമോ? പെട്ടന്ന് ഇറങ്ങിപ്പോകുക "ആരോ ഒരാൾ അവിടെ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു . "പ്രായമായ ആൾക്കാരോട് ഒരു കരുണവേണേ, ഞാൻ ഇവിടെ നിന്ന് പൂജ കണ്ടുകൊള്ളാം " വൃദ്ധ പറഞ്ഞു. ആർക്കും ഇവിടെ പ്രത്യേകതയുമില്ല,പെട്ടന്ന് ഇവിടെ നിന്നും ഇറങ്ങിത്തരുക. ആ സ്ത്രീ മനസ്സില്ലാമനസ്സോടെ മതിൽക്കെട്ടിനു വെളിയിലേക്കിറങ്ങി. അതാ പതിവില്ലാതെ ഹുങ്കാരശബ്ദത്തോടെ കാറ്റടിക്കുവാൻ തുടങ്ങുന്നു. നിലവിളക്കിലെ ഭദ്രദീപം പെട്ടന്ന് അണഞ്ഞു. പൂജിച്ചുവച്ചിരുന്ന കലശം ഇളകി ഒരുവശത്തേക്കു ചരിഞ്ഞു വീണു. അശുഭലക്ഷണത്തിന്റെ സൂചനകൾ. മുഖ്യ പൂജാരി തെല്ലൊന്നു പരിഭ്രമിച്ചു. പിന്നീട് വെളിച്ചപ്പാടിനെ വിളിച്ചുവരുത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങികുളിച്ചൂ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയാണ്. സ്ത്രീകളെ എന്തിനു വെളിയിലേക്കു പറഞ്ഞുവിട്ടു. ഒപ്പം എന്നെയും പറഞ്ഞുവിടുകയാണ് അല്ലേ. പൂജകൾക്ക് സാക്ഷിയായി സ്വയം എഴുന്നള്ളിയത് സാക്ഷാൽ ദേവിയാണെന്നുള്ള പരമാർത്ഥം ഗ്രഹിച്ച മുഖ്യ പൂജാരിയും ഭാരവാഹികളും ഭക്തജനങ്ങളും അഞ്ജലീബന്ധരായി ദേവിയോടു മാപ്പപേക്ഷിച്ചു. വെളിയിൽ നിൽക്കുന്ന എല്ലാ സ്ത്രീകളുടെയും പാദം കഴുകി പൂജിച്ചു അകത്തു കയറ്റുമ്പോൾ അതിലൊരാളായി ഞാനും അകത്തുവരാം. ദേവി അരുളി ചെയ്തു . ജാതിമതഭേദമെന്യേ പണ്ഡിത പാമര വ്യത്യാസങ്ങളില്ലാതെ സുമംഗലിമാരിലും, ബാലികമാരിലും വിധവകളിലും ശിശുക്കളിലും പരാശക്തിയായ ഭഗവതി തന്റെ ചൈതന്യത്തെ നമിച്ചു ആ ഈശ്വരാംശത്തെ വണങ്ങി നാം ജഗദംബികയുടെ അനുഗ്രഹാശിസുകൾക്കു പാത്രീഭൂതരാകുന്നു. ഈ പ്രാർത്ഥനയുടെ ഭാഗമായി ഓരോ നാരിയിലും (സ്ത്രീയിലും )ദേവി ചൈതന്യത്തെ ദർശിച്ചുകൊണ്ടു അമ്മയോടുള്ള ആദരസ്മരണകളോടെയാണ് സ്ത്രീകളുടെ പാദം കഴുകി നാരീപൂജയായി ആചരിച്ചു വരുന്നത്

ഗുരുക്കള്‍ തെയ്യം

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം.

കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്‍ണ്ണം നല്‍കിയതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്‍കുകയുണ്ടായി.

എന്നാല്‍ അസൂയാലു ക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്‍ക്കാനിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്‍ച്ചയും കോലവും കല്‍പ്പിച്ചു.

കേദാർനാഥിന്റെ ഐതിഹ്യം

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നൊടുക്കിയ ശേഷം രാജ്യഭരണത്തിനായി സിംഹാസനാരോഹണം ചെയ്യും മുൻപ് വ്യാസ മഹർഷിയുടെ ഉപദേശ പ്രകാരം മഹാദേവനായ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങാൻ പഞ്ച പാണ്ഡവർ തിരഞ്ഞെടുത്ത ഹിമാലയ നിരകളിലെ ഉഗ്ര പുണ്യ സ്ഥലിയാണ് കേദാരനാഥം.

നരനാരായണന്മാരുടെ അഭ്യർത്ഥന ശ്രവിച്ചു ശിവപ്പെരുമാൾ വന്നു വസിച്ച പർവത പീഠം..
മഹാദേവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിംഗം..
ചതുർധാമങ്ങളിലെ ആദ്യ ധാമം..
ആദി ശങ്കരന്റെ സമാധി സ്ഥലം.

ഈ കേദാരനാഥനെ ഇതേ രുദ്ര ഗുഹകളിൽ ഇമ്മട്ടിൽ തന്നെയുള്ള തീവ്ര ധ്യാനത്തിലൂടെ തൃപ്തനാക്കി വൃഷഭ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തി തൊഴുതു വണങ്ങി ബലവും അനുഗ്രഹവും നേടിയാണ് പാണ്ഡവർ ഐവരും മഹാഭാരത ഭരണത്തിനായി ആ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയവരെക്കാൾ ഉഗ്രരായി രണ്ടാം വട്ടം തിരിച്ചു കയറിയത്.

കക്കര ഭഗവതി

ഒരിക്കല്‍ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചില്‍ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാന്‍ എന്ന ചോദിക്കാന്‍ കരുതിയ അദ്ദേഹം പറഞ്ഞപ്പോള്‍ ഈ കുട്ടിയെ അടക്കാന്‍ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളില്‍ ആ കുട്ടി മരിച്ചു പോയി.

ഇതില്‍ മനംനൊന്ത അദ്ദേഹം കുഞ്ഞിനെ ക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാള്‍ തോട്ടില്‍ വലിച്ചെറിഞ്ഞു. ഒഴുകി വന്ന ആ പള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവില്‍ പ്രതിഷ്ഠിച്ചു.

ആ ദൈവിക ചൈതന്യം കക്കര ഭഗവതി എന്നറിയപ്പെട്ടു. ദാരികവധത്തിനായി ശ്രീപരമേശ്വരന്‍ സൃഷ്ടിച്ച കാളീരൂപമാണ് കക്കര ഭഗവതി. വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാര്‍ഥ നാമം കല്‍ക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കല്‍ക്കുറക്കാ വെന്ന കക്കരക്കാവാണെ ന്നും തോറ്റംപാട്ടില്‍ സൂചനയുണ്ട്.

തൃപ്പാളൂർ മഹാദേവക്ഷേത്രം

പാലക്കാട് ജില്ലയിലെ തൃപ്പാളൂർ ഗ്രാമത്തിൽ ഗായത്രിപ്പുഴയുടെ കരയിലുള്ള പ്രശസ്തമായ ശിവക്ഷേത്രമാണ് തൃപ്പാളൂർ മഹാദേവ ക്ഷേത്രം. പരമശിവൻ, മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹമൂർത്തി, ശ്രീകൃഷ്ണൻഎന്നിദേവന്മാർ കിഴക്കോട്ട് ദർശനമായി പ്രധാനമൂർത്തികളായിവഴുന്ന ക്ഷേത്രം കൂടിയാണിത്. അതിനാൽ ശൈവ-വൈഷ്ണവ തേജസ്സുകൾ കുടികൊള്ളുന്ന പുണ്യസങ്കേതവുമാണ്.

ഐതിഹ്യം

വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തിഎന്നിവിടങ്ങളിൽ ശിവപ്രതിഷ്ഠ നടത്തിയ ഖരപ്രകാശമഹർഷി ഒരിക്കൽ. വലത്തെക്കൈയിലും ഇടത്തെക്കൈയിലും കാലിലും മൂന്ന് ശിവലിംഗങ്ങൾ കൊണ്ടുപോയി. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം അവ മൂന്നിടങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തൃപ്പല്ലാവൂർ, അയിലൂർ, തൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ വന്നത്.

ക്ഷേത്രം

ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും പ്രതിഷ്ഠ ശക്തമാണ്. ശിവന്റെയും നരസിംഹത്തിന്റെയും ശ്രീകോവിലുകൾ വൃത്താകൃതിയിലും ശ്രീകൃഷ്ണന്റെ ശ്രീകോവിൽ സമചതുരാകൃതിയിലുമാണ്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവരാണ് ഉപപ്രതിഷ്ഠകൾ. നിത്യേന മൂന്നുപൂജകളുണ്ട്. ശിവരാത്രിയാണ് പ്രധാന ഉത്സവം.

പരാശക്തിയായ കാമാക്ഷിയമ്മന്‍ ക്ഷേത്രം

കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ്-ദേവതകളുടെ ദേവി. ശ്രീ കാഞ്ചികാമാക്ഷീ ദേവി. സരസ്വതി ദേവിയേയും ലക്ഷ്മീദേവിയേയും പാര്‍വതീ ദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍ സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മി-അക്ഷി എന്നതിനര്‍ത്ഥം കണ്ണുകള്‍ എന്നും. സരസ്വതിയേയും ലക്ഷ്മിയേയും കണ്ണുകളായി ധരിച്ചവള്‍ ദേവി കാമാക്ഷി. സപ്തമോക്ഷപുരികളില്‍ ഒന്നത്രെ ഈ ക്ഷേത്രം. നാഭിസ്ഥാന ഒഡ്യാണപീഠം എന്നാണ് ദേവി നില്‍ക്കുന്ന സ്ഥലം അറിയപ്പെടുന്നത്.

സുമാര്‍ അഞ്ച് ഏക്കര്‍ വരും ക്ഷേത്രഭൂമി. നാല് വശത്തും ഗോപുരങ്ങളു മുണ്ട്. ഗായത്രി മണ്ഡപത്തിന് മധ്യത്തിലായുള്ള ശ്രീകോവില്‍ തെക്ക് കിഴക്കോട്ട് അഭിമുഖമായാണ്. ഇന്ന് ഗായത്രീ മണ്ഡപം എന്നറിയപ്പെടുന്ന ആദ്യകാലത്തെ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും ചെമ്പകമരക്കാടുകളായിരുന്നു. ദേവന്മാര്‍ തത്തകളുടെ രൂപമെടുത്ത് ഇവിടത്തെ ശ്രീദേവിയെ ഉപാസിച്ചുപോന്നു. അര്‍ച്ചനകളും പൂജകളും മുഴുവന്‍ ഇവിടെയാണ് ചെയ്യാറുള്ളത്. ദേവന്മാര്‍ക്ക് മുഴുവന്‍ പൂര്‍ണസംരക്ഷണം നല്‍കിയശേഷം സൂക്ഷ്മരൂപം പൂണ്ട ദേവി ശ്രീചക്രത്തില്‍ ലയിച്ചു എന്നാണ് സങ്കല്‍പം. ശ്രീദേവിയുടെ വലതുഭാഗത്ത് അകവളവുള്ളതായി കാണാം. അസുരന്മാരില്‍ നിന്ന് ദേവന്മാരെ രക്ഷിക്കാന്‍ ബിലാകാശം എന്നറിയപ്പെടുന്ന ഈ വലിയ വളവിലൂടെയാണ് ദേവി പ്രത്യക്ഷപ്പെട്ടതു പോല്‍. കാമദേവന് വരം നല്‍കാന്‍ മറ്റ് ശക്തികളെ മുഴുവന്‍ ദേവിക്ക് ആവാഹിക്കേണ്ടി വന്നതാണ് ഇതിനു കാരണം എന്നും പറയുന്നു. പത്മാസന ത്തിലിരിക്കുന്ന രൂപത്തില്‍ യോഗാവസ്ഥയിലാണ് ദേവി ഇവിടെ. പ്രാര്‍ത്ഥിച്ചാല്‍ സമാധാനവും ഐശ്വര്യവും ഉറപ്പ്. ദേവിയുടെ താഴെയുള്ള കൈകളില്‍ കരിമ്പു വില്ലും പൂക്കുലയുമാണ്. മുകളില്‍ ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ പാശവും അങ്കുശവുമാണ്. പൂക്കുലക്കരികെ ഒരു തത്തയുമുണ്ട്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യര്‍ ജീവിതാവസാനം ഇവിടെയാണ് ചെലവഴിച്ചതെന്ന് പറയപ്പെടുന്നു. ശങ്കരാചാര്യ പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തില്‍. ആദിവരാഹ പെരുമാളിന്റെ പ്രതിഷ്ഠയുമുണ്ട് ഇവിടെ. കവാടത്തില്‍ ഇടതുവശത്ത് കാലഭൈരവരുടെയും വലതുവശത്ത് മഹിഷാസുരമര്‍ദ്ദിനിയുടെയും പ്രതിഷ്ഠയും കാണാം.

തീര്‍ത്ഥക്കുളം പഞ്ചഗംഗ എന്നറിയപ്പെടുന്നു. പാലാര്‍ നഗരത്തിന് സമീപത്തി ലൂടെയാണ് ഒഴുകുന്നത്. കാലടിയില്‍നിന്ന് കാഞ്ചീപുരത്ത് എത്തിയ ആദിശങ്കരന്‍ ക്ഷേത്രത്തിലെത്തി ദേവിയെ കാണുമ്പോള്‍ ദേവി അതീവ കോപിഷ്ഠയായിരുന്നു. ദേവിയുടെ കോപത്താല്‍ ശ്രീകോവിലില്‍ ശക്തിയായ ചൂട് അനുഭവ പ്പെടുകയുണ്ടായി. ദേവിയുടെ കോപം ശമിപ്പിച്ച് സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനായി ദേവിയെ സ്തുതിച്ച് നിരവധി ശ്ലോകങ്ങള്‍ ചൊല്ലി. അങ്ങനെ ദേവിയെ സന്തോഷിപ്പിക്കുന്നതിനായി സ്തുതിച്ചെഴു തിയതാണ് 'സൗന്ദര്യലഹരി.' ദേവീ പ്രതിഷ്ഠയ്ക്കു മുന്‍പില്‍ ശ്രീചക്രം പ്രതിഷ്ഠിച്ചതും ശങ്കരാചാര്യരത്രെ. മൂകന്‍ എന്നുപേരുള്ള മൂകനായ ഒരു ഭക്തന്‍ പതിവായി ദേവീദര്‍ശനത്തിനെത്തുമായിരുന്നു. ദേവി കനിഞ്ഞ് അവന്റെ സംസാരശേഷി ഇല്ലായ്മ മാറ്റിക്കൊടുക്കണമേ എന്ന് ഭക്തരും പ്രദേശവാസികളും ദേവിയോട് പ്രാര്‍ത്ഥിച്ചു പോന്നു. മൂകന് സംസാരശേഷിയും കവിത്വവും നല്‍കി ദേവി അനുഗ്രഹിച്ചു. അത്യാഹ്ലാദവാനായ ആ ഭക്തന്‍ 'മൂകപഞ്ചരതി' എന്ന സ്തുതി രചിച്ച് പാടി ദേവിയോടുള്ള കൃതജ്ഞത അര്‍പ്പിച്ചു. സമ്പത്തും ആരോഗ്യവുമാണ് ദേവീ ദര്‍ശനഫലം. ദുഷ്ടനിഗ്രഹകയും ശിഷ്ട രക്ഷകയുമാണ് ദേവി. തമിഴ് മാസമായ മാശി (ഫെബ്രുവരി-മാര്‍ച്ച്) യിലാണ് പ്രധാന ഉത്സവമായ ബ്രഹ്മോത്സവം. ഒമ്പതാം ദിവസം ദേവിയെ വെള്ളിത്തേരില്‍ എഴുന്നള്ളിക്കുന്നു. നവരാത്രി ദിവസങ്ങളും പൗര്‍ണമി നാളുകളും ദേവിക്ക് പ്രത്യേകതയുള്ള ദിവസങ്ങളാണ് ഈ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണാനുഭവ ങ്ങള്‍ക്ക് വഴിയൊരുക്കും. തമിഴിലെ ഐപ്പശി (ഒക്‌ടോബര്‍-നവംബര്‍) മാസത്തിലെ പൂരം നക്ഷത്രത്തില്‍ ദേവിയുടെ പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക അഭിഷേകങ്ങള്‍ നടത്താറുണ്ട്. ശങ്കരജയന്തി, വൈകാശി മാസത്തിലെ വസന്തോത്സവം എന്നിവയും പ്രധാനമാണ്. രാവിലെ 5.30 ന് നട തുറക്കും, ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നട തുറന്ന് രാത്രി 8.30 ന് അടയ്ക്കും.നിത്യവും രാവിലെ 9 നും 10 നും ഇടയില്‍ സഹസ്രനാമാര്‍ച്ചന നടത്താം. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ചന്ദന ദര്‍ശനം. ലക്ഷ്മി അഷ്‌ടോത്ത രാര്‍ച്ചന രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 തൊട്ട് 8 വരെയും. എല്ലാമാസവും പൗര്‍ണമി നാളില്‍ രാത്രി 9.30 ന് പൗര്‍ണമി പൂജയും പതിവാണ്. ചില പ്രത്യേക ദിവസങ്ങളില്‍ സ്വര്‍ണവാഹനത്തിലോ വെള്ളി വാഹനത്തിലോ ദേവിയെ എഴുന്നള്ളിക്കു ന്ന വഴിപാടുമുണ്ട്. മൂന്ന് നേരം അഭിഷേകം പതിവാണ്. രാവിലെ 5.30 നും 10.30 നും വൈകിട്ട് 4.30 നും. മൂന്ന് പ്രധാന ശക്തിപീഠങ്ങളില്‍ ഒന്നത്രെ കാഞ്ചിയിലേത്, മറ്റു രണ്ടെണ്ണം മധുരമീനാക്ഷി ക്ഷേത്രവും കാശി വിശാലാക്ഷീ ക്ഷേത്രവും.

മുതലത്തെയ്യം

കണ്ണൂര്‍ ജില്ലയിലെ അപൂര്‍വ്വം ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ് മുതലത്തെയ്യം.

തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം, കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം വായ്‌വാക്കുകളൊന്നും (വാചാല്‍)  ഉരിയാടാറില്ല. തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് ഈ തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തില്‍ ഈ തെയ്യം നവംബറില്‍ കെട്ടിയാടാറുണ്ട്. ഈ സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഇഴ ജീവി ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ മുതലദൈവത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തലയിലെ പാളയെഴുത്തില്‍ തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിന്‍ ഓലയാണ് ഉടയാട. മുഖത്തെഴുത്തിന് വട്ടക്കണ്ണ്. തലപ്പാട്ടി ചെന്നിമലര്‍ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.

തൃപ്പണ്ടാറത്തെ ക്ഷേത്രത്തില്‍ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോള്‍ പുഴയില്‍ ചൂണ്ട യിടുകയായിരുന്ന ആദിതോയാടനെ മുതല ക്ഷേത്രത്തില്‍ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പ ണ്ടാറത്തമ്മയാണെന്നാണ് വിശ്വാസം. പൂജയ്ക്ക് വൈകിയെത്തിയ ബ്രാഹമണനെ പുറത്തിരുത്തി. മാവിലന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

എന്നാല്‍ വേറൊരു ഭാഷ്യവും പുരാവൃത്തത്തിനുണ്ട്. പുഴയില്‍ വെള്ളം പൊങ്ങിയതിനാല്‍ അന്തിത്തിരി വെക്കാന്‍ കരയ്ക്ക് ഇക്കരെ വരാന്‍ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നാണു കഥ. കഴുത്ത് നീട്ടി കണ്ണുരുട്ടിയാണ് ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.

പായസത്തി കുളിച്ചകൃഷ്ണൻ

ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദ്വാരകയിൽ എത്തി. ശ്രീകൃഷ്ണനും രുഗ്മിണിയും ചേർന്ന് ദുർവ്വാസാവിനെ വേണ്ട വിധം സ്വീകരിച്ചു.

  എന്നാൽ മഹാശുണ്ഠിക്കാരനായ ദുർവ്വാസ്സാവ് അവരോട് ദേഷ്യപ്പെട്ടു. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു.കൃഷ്ണനോടും രുഗ്മിണിയോടും ഓരോരോ കാര്യങ്ങൾ ചെയ്തു തരാൻ ആജ്ഞാപിച്ചു. അവരിരുവരും ഓരോരോ കാര്യങ്ങൾ ചെയ്യാൻ ഓടി നടക്കുന്നതിടയിലാണ് മറ്റൊരാജ്ഞ! കൃഷ്ണാ! നിങ്ങളിരുവരും അകത്ത്  ചെന്ന് അല്പം പായസം ഉണ്ടാക്കി ക്കൊണ്ടു വരു.''

അതിഥിയെ സന്തോഷിപ്പിക്കേണ്ടത് വീട്ടുകാരുടെ ചുമതലയല്ലേ? കൃഷ്ണനും രുഗ്മിണിയും ചേർന്ന് ഉഗ്രനൊരു പായസം വെച്ചു.കുട്ടികളെ കൊതി വരുന്നു. അല്ലേ?

അപ്പോൾ ദുർവ്വാസാവ് പറഞ്ഞു "കൃഷ്ണാ പായസം എനിക്ക് വേണ്ട.' അതെടുത്ത് സ്വന്തം ദേഹത്ത് പുരട്ടു"

പറഞ്ഞതു കേൾക്കാതിരുന്നാൽ അദ്ദേഹത്തിന് കലികയറും അതുകൊണ്ട്
"പാവം കൃഷ്ണൻ " പായസമെടുത്ത് ദേഹം മുഴുവൻ തേച്ചു കാൽ വെള്ളയിലൊഴികെ.!

ഉടൻ വന്നു അടുത്ത ആജ്ഞ " ഉം, ഇനി ഒരു തേരു കൊണ്ടുവരു "കൃഷ്ണൻ തേരുമായി എത്തി.
കൃഷ്ണനേയും രുഗ്മിണിയേയും കുതിരകളാക്കി ദുർവ്വസാവ് രഥത്തിൽ കയറി.രഥം ഒരു കാട്ടിലേക്ക് പാഞ്ഞു. ഇടക്കിടെ ദുർവ്വാസാവ് ചാട്ട കൊണ്ട് ഇരുവരേയും മാറി മാറി അടിച്ചു.കൃഷ്ണനും രുഗ്മിണിയും പരാതിയൊന്നും പറഞ്ഞില്ല
 ഒടുവിൽവനാന്തരത്തിൽ തേരു നിർത്തി. ദുർവ്വാസാവ് ശാന്തനായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കൃഷ്ണനെ ഇങ്ങനെ അനുഗ്രഹിച്ചു. " ശരീരത്തിൽ പായസം പുരണ്ട സ്ഥലത്തൊന്നും അമ്പ് ഏല്ക്കുകയില്ല.

കാലിൽ പായസം പുരളാത്ത ഭാഗത്ത് അമ്പു കൊണ്ട് പില്ക്കാലത്ത് ശ്രീകൃഷ്ണൻ മരിക്കുന്നത്-

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്.

മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ നേര്‍ച്ചകളും വഴിപാടുകളും  ഈ തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ വാദ്യക്കാരനായി ഒരാള്‍ മാത്രമാണുണ്ടാവുക. ഗുരുക്കള്‍ എന്നാണ് വാദ്യക്കാരനെ പനിയന്‍ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് പ്രധാന ചടങ്ങ്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയന് നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കേട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയന്‍കെട്ടിയ കോലക്കാരനും നല്ല നര്‍മ്മബോധമുള്ളവരായിരിക്കും. സമകാലിക വിഷയങ്ങളും നര്‍മ്മം കലര്‍ത്തി പറയാറുണ്ട്.

മേല്‍പുത്തൂരിന്റെ ചമ്പൂ പ്രബന്ധങ്ങള്‍

പണ്ഡിതനും മഹാകവിയുമായിരുന്ന മേല്‍പുത്തൂര്‍ ഭട്ടതിരി, ചെമ്പകശ്ശേരി രാജാവിന്റെ സുഹൃത്തായിരുന്നു. ആ സുശക്തമായ സൗഹൃദത്തിന് വഴിയൊരുക്കിയ കഥ പ്രസിദ്ധമാണ്.

അമ്പലപ്പുഴ രാജാക്കന്മാരില്‍ ഒരാള്‍ക്ക് പ്രത്യേക ജീവിത ചര്യയുണ്ടായിരുന്നു. ദിവസവും ഒരു ബ്രാഹ്മണനെക്കൊണ്ട് ഭാരതം വായിച്ചു കേട്ടിട്ടല്ലാതെ അദ്ദേഹം ഭക്ഷണം കഴിക്കില്ല. അതിനായി ഒരു ബ്രാഹ്മണനെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ടായിരുന്നു.  അദ്ദേഹമൊരിക്കല്‍ വായന കഴിഞ്ഞ ശേഷം പിറ്റേന്ന് തിരിച്ചെത്തി ക്കൊള്ളാമെന്നു പറഞ്ഞ് എങ്ങോട്ടോ യാത്ര പോയി.

പിറ്റേന്ന് അദ്ദേഹത്തിന് വായനയ്ക്ക് എത്താനായില്ല. രാജാവ് പതിവുപോലെ കുളിയും തേവാരവും കഴിഞ്ഞ് വായന കേള്‍ക്കാനായിരുന്നു. വായിക്കാന്‍ ബ്രാഹ്മണനെത്തിയില്ല. അദ്ദേഹത്തിന് വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ കൊണ്ടുവരാനായി ഭൃത്യന്മാരെ പറഞ്ഞയച്ചു.

അവരിലൊരാള്‍, ക്ഷേത്രത്തിലിരുന്ന് ജപിക്കുന്ന വഴിപോക്കനായ ഒരു ബ്രാഹ്മണനെ കണ്ടു. അക്കാര്യം അദ്ദേഹം തിരുമനസ്സിനെ അറിയിച്ചു.

ഉടനെ രാജാവ് ആളയച്ചു ബ്രാഹ്മണനെ വരുത്തി. അങ്ങേക്ക് വായനാ ശീലമുണ്ടോ എന്ന് രാജാവ് ബ്രാഹ്മണനോട് ചോദിച്ചു. കുറശ്ശേ പരിചയമുണ്ടെന്ന് പറഞ്ഞതോടെ ഭാരതഗ്രന്ഥമെടുത്ത് കൊടുക്കുകയും ബ്രാഹ്മണന്‍ വായിച്ചു തുടങ്ങുകയും ചെയ്തു. കര്‍ണപര്‍വമാണ് വായിച്ചു കൊണ്ടിരുന്നത്. അതില്‍ ഭീമന്റെ കയറ്റത്തെ വര്‍ണിക്കുന്ന ഭാഗത്ത്

ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖാര്‍വാടകസ്യേവ കര്‍ണമൂലമുപാശ്രിതാ

എന്നൊരു ശ്ലോകം കൂടി കൂട്ടിവായിച്ചു. മഹാഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം കഷണ്ടിത്തലയനായ തന്നെ പുച്ഛിച്ച് ആ ബ്രാഹ്മണന്‍  തല്‍ക്ഷണം ഉണ്ടാക്കിയതാണെന്ന് രാജാവിനു മനസ്സിലായി. രാജാവ് ഉടനെ, അങ്ങുന്നാണോ മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിയെന്ന് ബ്രാഹ്മണനോട് ചോദിച്ചു.

അതു കേട്ടപ്പോള്‍ രാജാവിനെ സന്തോഷിപ്പിക്കാനായി അദ്ദേഹം അവ്യഞ്ജനസ്താര്‍ക്ഷ്യകേതുര്യല്‍പദം ഘടയിഷ്യതി
തത്തേ ഭവതു കല്‍പാന്തം ദേവനാരായണപ്രഭോ!'

എന്നൊരു ശ്ലോകം തല്‍ക്ഷണമുണ്ടാക്കി ചൊല്ലി. അദ്ദേഹം മേല്‍പുത്തൂരാണെന്ന് മനസ്സിലായതോടെ രാജാവിന് വളരെയേറെ സന്തോഷം തോന്നി. അന്ന് ഇരുവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചു. മേല്‍പുത്തൂരിനെ പെട്ടെന്നു വിട്ടയയ്ക്കാന്‍ ഭാവമില്ലായിരുന്നു രാജാവിന്. തന്റെ അതിഥിയായി കുറച്ചു നാള്‍ അമ്പലപ്പുഴയില്‍ കഴിയണമെന്ന് രാജാവ് മേല്‍പ്പുത്തൂരിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് മേല്‍പുത്തൂര്‍, അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടതോഴനായി താമസിക്കാനിടവന്നത്.  ആ കാലയളവില്‍ രചിച്ച ഗ്രന്ഥമാണ് പ്രക്രിയാസര്‍വസ്വമെന്ന വ്യാകരണം.

അങ്ങനെയിരിക്കെ, മേല്‍പുത്തൂരിനോട് ഒരു നാടകമുണ്ടാക്കണമെന്ന് രാജാവു പറഞ്ഞു. നാടകമുണ്ടാക്കികിട്ടിയാല്‍ അത് അരങ്ങേറ്റാമെന്ന് സ്ഥലത്തെ പ്രസിദ്ധനായൊരു ചാക്യാരും പറഞ്ഞു. നാടകമുണ്ടാക്കാനുള്ള പാണ്ഡിത്യമൊന്നും ഇല്ലെങ്കിലും ചാക്യാര്‍ക്കു പറയാമെന്നുണ്ടെങ്കില്‍ ചില ചമ്പൂ പ്രബന്ധങ്ങള്‍ ഉണ്ടാക്കിത്തരാമെന്നായിരുന്നു മേല്‍പുത്തൂരിന്റെ മറുപടി.  അങ്ങനെയെങ്കില്‍ ചമ്പൂ പ്രബന്ധങ്ങളുണ്ടാക്കാന്‍ രാജാവ് അനുമതി നല്‍കി. 

സുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം, മത്സ്യാവതാരം തുടങ്ങി പത്തു ചമ്പൂപ്രബന്ധങ്ങള്‍ മേല്‍പുത്തൂര്‍ എഴുതിയത് അങ്ങനെയാണ്. അമ്പലപ്പുഴയിലെ അതിനിപുണനായ ചാക്യാര്‍ ഭട്ടതിരി വിചാരിക്കുന്നതിലും അധികം അര്‍ഥം പറഞ്ഞാണ് അവയെല്ലാം അരങ്ങില്‍ അവതരിപ്പിച്ചത്. മ്പൂപ്രബന്ധങ്ങള്‍ക്ക് പിന്നീട് സര്‍വത്ര പ്രചാരം ലഭിച്ചു.

ശിവന്‍റെ കഴുത്തിനു സര്‍പ്പം

ചില പ്രത്യേകം ഊര്‍ജങ്ങളുടെ നേരെ ഒരു സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ആ തരത്തിലുള്ള ഒരു സൂക്ഷ്മബോധം അവയ്ക്കുണ്ട്. ശിവന്‍റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്‍റെ പിന്നീല്‍ ഒരു ശാസ്ത്രമുണ്ട്.

ഊര്‍ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്.
ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു ഇതെല്ലാം പരസ്പരം ബന്ധമുള്ളതാണ്.

പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.

വിശുദ്ധി എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും എന്നതാണ്.

ശിവന്‍റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന് വിഷകണ്ഠന്‍ എന്നും നീലകണ്ഠന്‍ എന്നും പേരുകളുണ്ട്, കാരണം അവിടുന്ന് വിഷത്തെ അരിച്ചുമാറ്റുന്നവനാണ്. ഒരു വിഷത്തേയും തന്‍റെ ഉള്ളിലേക്കു കടക്കാന്‍ ശിവന്‍ അനുവദിക്കുന്നില്ല.

ഭക്ഷണത്തില്‍ കൂടി മാത്രമേ വിഷം അകത്തേക്കു ചെല്ലു എന്നു ധരിക്കരുത്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.

നിങ്ങളുടെ വിശുദ്ധിചക്രം പ്രബലമാണെങ്കില്‍ ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല. എല്ലാ ദുഷിച്ച സ്വാധീനങ്ങളില്‍നിന്നും അതു നിങ്ങളെ കാത്തുകൊള്ളും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയിലാണൊ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ എന്തെല്ലാമായാലും അതൊന്നുംതന്നെ അയാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതല്ല. കാരണം അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത് സ്ഥിരവും ദൃഢവുമായിരിക്കും

Saturday, May 25, 2019

ചോരക്കട്ടി ഭഗവതി

രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്.

ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു.  യാത്രാമധ്യേദാഹിച്ചപ്പോള്‍  സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി കുടിക്കുകയും ചെയ്തു. വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോള്‍ അടിയാളരുടെ കിണറ്റിലെ വെള്ളമാണ് കുടിച്ചതെന്നും അശുദ്ധമായതിനാല്‍ ഇനി തങ്ങള്‍ക്കൊപ്പം വരേണ്ടെന്നും പറഞ്ഞ് സഹോദരിമാര്‍ വഴിപിരിഞ്ഞുവത്രെ.

ദു:ഖിതയായി വഴിയരികില്‍ ഇരിക്കുമ്പോള്‍ ആ വഴി വന്ന പാലോറത്ത് ഇല്ലത്തെ നമ്പൂതിരിയുടെ വെള്ളോലക്കുടയില്‍ കുടിയേറി ഇല്ലത്തെത്തി. എന്നാല്‍ ഇല്ലത്തുള്ളവര്‍ക്ക് അനിഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ താന്‍ അടിയാന്റെ വെള്ളം കുടിച്ചതിനാല്‍ അവര്‍ക്കൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ഇല്ലത്ത് നിന്ന് വെള്ളക്കുടിയന്‍ തറവാട്ടുകാര്‍ക്ക് ഉഗ്രമൂര്‍ത്തിയായി കൈമാറിയെന്നാണ് ഐതിഹ്യം.

40 ദിവസത്തെ അഗ്‌നിഹോമം, വായുഹോമം എന്നിവയിലൂടെയാണ് ഭഗവതി ഉയര്‍ന്നത് എന്നതിനാല്‍ തെയ്യം ഇറങ്ങിയാല്‍ അഗ്‌നി ഭോജനവും രുധിര പാനവും നടത്തും

തൃപ്രങ്ങോട് ശിവ ക്ഷേത്രം

കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിലെ  പ്രതിഷ്ഠാ‌ സങ്കൽപ്പം.

സംസ്‌കൃത  സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്ന ചുരുക്കം ചില ശിവക്ഷേത്ര ങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായി വിളങ്ങുന്ന ഭഗവാൻ ഭക്തരെ മരണഭയത്തിൽ നിന്നും രോഗാവശത കളിൽ നിന്നും രക്ഷിച്ചു കൊണ്ട് കാലകാലനായി, മൃത്യുഞ്ജയനായി ക്ഷേത്രത്തിൽ വാഴുന്നു. ശംഖാഭിഷേകമാണ് തൃപ്രങ്ങോട്ടപ്പന് പ്രധാന വഴിപാട്.

ക്ഷേത്രക്കുളത്തിൽ നിന്നെടുക്കുന്ന തീർത്ഥജലം ശംഖിൽ നിറച്ച് അത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.

പാടാര്‍കുളങ്ങര ഭഗവതി

ശിവപുത്രിയായ കാളിയുടെ സങ്കല്‍പ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ് പാടാര്‍കുളങ്ങര ഭഗവതി.

ശിവന്റെ ഹോമാഗ്‌നിയില്‍ നിന്നും ഉത്ഭവിച്ച കാളി, ശിവന്റെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാര്‍ക്ക് (നമ്പൂതിരിമാര്‍) സൗഖ്യം പ്രദാനം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.

പാടാര്‍ കുളക്കടവില്‍ പ്രത്യക്ഷപ്പെട്ട ദേവി അവിടെ വച്ച് ഒരു ബ്രാഹ്മണന്റെ കഴുത്തറത്ത് ചോര കുടിക്കുകയുണ്ടായി. ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായര്‍ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാര്‍ കുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താന്‍ തീരുമാനിക്കുക യായിരുന്നു.

പാാടാര്‍ കുളങ്ങര ഭഗവതി ചോര കുടിച്ച ബ്രാഹ്മണനെ പാടാര്‍കുളങ്ങര വീരന്‍ എന്ന പേരില്‍ ഭഗവതിയോടൊപ്പം കെട്ടിയാടിക്കുന്നു.

യൗവനം സൂക്ഷിക്കാന്‍ അമൃതസരോവര സ്‌നാനം

അമൃതകുംഭവുമായി ആകാശമാര്‍ഗം പോകുകയായിരുന്നു ഗരുഡന്‍. കുംഭത്തില്‍ നിന്ന് ഒരു തുള്ളി അമൃത് ഭൂമിയില്‍ പതിച്ചു. അതൊരു തീര്‍ഥമായി മാറി. അതങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഈ തീര്‍ഥത്തില്‍ ചാടി. അയാള്‍ മരിച്ചില്ലെന്നു മാത്രമല്ല, പ്രായം കുറഞ്ഞ് യുവാവായി തിരിച്ചു കയറി.

അത്ഭുതത്തോടെ അയാള്‍ വീട്ടിലേക്കോടി. ഭാര്യയേയും കൃഷിയിടത്തില്‍ നിന്ന് കാളയേയുമായി തിരികെയെത്തി. തീര്‍ഥത്തില്‍ മുക്കിയതോടെ ഭാര്യയ്ക്കും കാളയ്ക്കും യൗവനം തിരിച്ചു കിട്ടി. അതോടെ തീര്‍ഥത്തില്‍ മുങ്ങിക്കുളിക്കാനെത്തുന്നവരുടെ തിരക്കേറി. തീര്‍ഥത്തിന്റെ മഹിമ ബ്രഹ്മലോകത്തും പരന്നു. അത് സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ബാധിക്കുമെന്ന പരിഭ്രാന്തിയിലായി ബ്രഹ്മാവ്. അദ്ദേഹം വിഷ്ണുവിനേയും മഹാദേവനേയും വിവരമറിയിച്ചു. ശിവന്‍ ഹനുമാനെക്കൊണ്ട്  ഒരു കുന്നെടുപ്പിച്ച്  തീര്‍ഥം മൂടി. പക്ഷേ ദൗത്യം വിഫലമായി. കുന്ന്  തീര്‍ഥത്തില്‍ ഒഴുകാന്‍ തുടങ്ങി. ഉറച്ചില്ല. അതു കണ്ട് ശിവനും വിഷ്ണുവും ചേര്‍ന്ന് കുന്നിന്റെ  ഒരു വശത്ത് ചവിട്ടി തീര്‍ഥത്തിനു മീതെ ഉറപ്പിച്ചു. ദേവന്മാരുടെ പാദത്തിന്റെ അടയാളങ്ങള്‍ അവിടെ പതിഞ്ഞു. അവ വിഷ്ണുപാദമെന്നും രുദ്രപാദമെന്നും അറിയപ്പെട്ടു.

ആന്ധ്രയില്‍ കടപ്പ ജില്ലയിലെ പെണ്ണാര്‍ നദിക്കരയിലെ പുഷ്പഗിരി ചെന്നകേശവസ്വാമിക്ഷേത്രത്തോട് ചേര്‍ന്നാണ്  അമൃതസരോവരമെന്ന ഈ അത്ഭുതതീര്‍ഥ മുള്ളത്. വാത്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇവിടം. ഒരേ മുഖമണ്ഡപമുള്ള  മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ചെന്നകേശവസ്വാമി ക്ഷേത്രം. (കമലേശ്വര, ഹാചലേശ്വര, പല്ലവേശ്വര ക്ഷേത്രങ്ങള്‍). 

പുഷ്പഗിരി വൈഷ്ണവര്‍ക്ക് മധ്യ അഹോബിലമെന്നാണ്. അറിയപ്പെടുന്നത്. ശൈവഭക്തര്‍ക്ക് മധ്യകൈലാസവും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പത്തുനാള്‍ നീളുന്നതാണ് ക്ഷേത്രത്തിലെ പ്രധാനോത്സവം.  മഹാശിവരാത്രി, കാര്‍ത്തിക പൗര്‍ണമി, രഥോത്സവം വൈകുണ്ഠ ഏകാദശി എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. 

ചാലൂക്യന്മാര്‍ പണികഴിപ്പിച്ച പുഷ്പഗിരിക്ഷേത്രം വാസ്തുശില്പമികവില്‍ ഹംപിയിലെ നിര്‍മിതികളോട് കിടപിടിക്കുന്നു.

മാന്ത്രിക സിദ്ധിയുള്ള തീര്‍ഥമായതിനാല്‍ നിരവധി ഭക്തരാണ് അമൃതസരോവരത്തില്‍ സ്‌നാനത്തിനെത്തുന്നത്.

ധൂമാ ഭഗവതി

ശ്രീ മഹാദേവന്റെ ഹോമകുണ്ഡത്തില്‍ നിന്നും പിറവി കൊണ്ട ഏഴു ദേവതമാരില്‍ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി.

ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പൊടിച്ചുയര്‍ന്നതിനാല്‍ ധൂമാ ഭഗവതി എന്ന് വിളിച്ചു. നല്ലച്ഛനോട് വരവും വാങ്ങി ചേടകവാളും പരിചയുമേന്തി അസുരന്മാരെ നിഗ്രഹിച്ച ദേവി ഭൂമിയില്‍ അഡൂര്‍ മന്ത്രശാലയില്‍ സാന്നിധ്യം കൊണ്ടു. കവടിയങ്ങാനത്ത് രക്തേശ്വരിയുമായി ഉറ്റചങ്ങാതിയായി. അവിടെ നിന്ന് ദേവി പിന്നീട് മായിപ്പാടി കൊട്ടാരത്തിലും അഡൂരും മധൂരും പത്തില്ലം തന്ത്രിമാരുടെ ഗൃഹങ്ങളില്‍ പൂവും ഗുരുസിയും കൈയേറ്റു നിലനിന്നു.

സ്വന്തമായി ഒരു ആരൂഢം വേണമെന്ന് നിരൂപിച്ചു കുണ്ടുകാനം മുന്‍പേതുമായി ശേഷിപ്പെട്ടു. അന്ന് തൊട്ട് അഡൂര്‍ ദേവന്റെ മാതാവ് കുണ്ടുകാനത്തില്‍ ധൂമാ ഭഗവതിയമ്മ എന്നറിയപ്പെട്ടു. അവിടെ നിന്നു പിന്നീട് ദേവി തെക്കോട്ട് സഞ്ചരിച്ചു തിമിരി, വടശ്ശേരി, കൈതപ്രം തുടങ്ങിയ സ്ഥലങ്ങളിലെ പല ബ്രാഹ്മണ ഗൃഹങ്ങളിലും നിലകൊണ്ടു. ധൂമാ ഭഗവതി തനിച്ചും കവടിയങ്ങാനത്ത് രക്തേശ്വരിയും ധൂമാ ഭഗവതിയും ചേര്‍ന്നും അഡൂര്‍ ദേവന്റെ മാതാക്കന്മാര്‍ ഇരുവരായും ആരാധിച്ചു വരുന്നുണ്ട്. വണ്ണാന്‍, മലയന്‍, വേലന്‍, കോപ്പാളന്‍ എന്നീ വിഭാഗക്കാര്‍ ധൂമാ ഭഗവതി കെട്ടിയാടാറുണ്ട്. അതിനാല്‍  ധൂമാ ഭഗവതി തെയ്യത്തിനു പല സ്ഥലത്തും കെട്ടിയാടുന്ന വിഭാഗത്തിന് അനുസൃതമായും പ്രാദേശികമായ വ്യത്യാസങ്ങള്‍ കൊണ്ടും കോലത്തിലും  മുഖത്തെഴുത്തിലും വ്യത്യാസം ഉണ്ടാവാറുണ്ട്.

മൂലംപെറ്റ ഭഗവതി

മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി.

മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ് വിശ്വാസം. മുത്തപ്പന്റെ അമ്മയായാണ് ഈ തെയ്യത്തെ കരുതുന്നത്.

കുന്നത്തൂര്‍പാടിയിലെ തിരുവപ്പന മഹോത്സവകാലത്ത് മുത്തപ്പന്‍ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോഴാണ് മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കുന്നത്. എന്നാല്‍, മുത്തപ്പന്‍ കുന്നത്തൂര്‍ പാടിയില്‍ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂര്‍ത്തിയായിരുന്നു ഈ ഭഗവതിയെന്നും ഒരു വിശ്വസമുണ്ട്. വനപ്രദേശമായ  പാടിയില്‍ ജീവിക്കുന്ന ഗോത്രവിഭാഗമായ അടിയാന്‍മാരുടെ ആരാധനാമൂര്‍ത്തിയാണ് ഈ ഭഗവതി എന്നും മുത്തപ്പന്‍ ഇവിടെ യെത്തിയപ്പോള്‍ ഈ ഭഗവതിയെ ഉപാസിച്ചു എന്നും പറയപ്പെടുന്നു.

സൗമ്യ മൂര്‍ത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പന്‍ പാടിയില്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ. ഈ ദേവത വനദുര്‍ഗയാണെന്നും  എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവില്‍ ഉണ്ട്.

മുളയും നാരും കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തില്‍ മനോഹരമായ തിരുമുടിയാണ് മൂലം പെറ്റ ഭഗവതിയുടേത്.

എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായ തിനാല്‍ ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്.

അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പിത്താരി എന്ന പുലയബാലനെ കോലത്തരചന്‍ ശകുനപ്പിഴയുടെ കാരണം പറഞ്ഞ് വെടിവെച്ച് കൊന്നു. തന്റെ ഭൃത്യനും പ്രിയപ്പെട്ടവനുമായ പുലയബാലനെ കൊന്നതിനെ ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി.

അഴീക്കോട്ടരമനയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും, അഴീക്കോട്ടരചന്‍ എമ്പ്രാന്‍ ഗുരുക്കള്‍  തെയ്യവുമായ് മാറി. പുലയസമുദായത്തിലുള്ളവരാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്.

വീണ ഭൂമിയിലെത്തിയ കഥ


പണ്ട് പണ്ട് വീണ എന്ന സംഗീതോപകരണം സ്വർഗ്ഗത്തിൽ മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു. പിന്നെ എങ്ങനെയാണ്  അത് ഭൂമിയിൽ എത്തിയത്? എന്നറിയേണ്ടേ? പറയാം. ആ കഥ കേട്ടോളൂ :-

ഉർവ്വശ്ശി  എന്ന അപ്സര സ്ത്രീയെ പറ്റി കേട്ടിട്ടില്ലേ? ദേവലോകത്തെ മറ്റ്  മൂന്ന് അപ്സര സ്ത്രീകളേക്കാളെല്ലാം സമർത്ഥയായിരുന്നു ഉർവ്വശി. രംഭ, തിലോത്തമ മേനക എന്ന പേരുകേട്ട അപ്സരസ്സുകൾ പോലും ഉർവ്വശിയുടെ മുൻപിൽ ഒന്നുമല്ലെന്ന് ദേവലോകത്ത് ഒരു സംസാരമുണ്ടായി.  അതോടെ ഉർവ്വശ്ശിയുടെ അഹങ്കാരം വർദ്ധിച്ചു.

      ഇക്കാര്യമൊക്കെ അറിഞ്ഞപ്പോൾ ഉർവ്വശ്ശിയുടെ അഹങ്കാരം ഒന്നു ശമിപ്പിക്കണമെന്ന് നാരദ മഹർഷി വിചാരിച്ചു. അങ്ങനെ ഒരിക്കൽ അദ്ദേഹം ദേവേന്ദ്രന്റെ സഭയിൽ എത്തി. എന്നിട്ട് വീണ വായന തുടങ്ങി.  വീണ വായനക്കനുസരിച്ച് അപ്സര സ്ത്രീകൾ നൃത്തം ചെയ്യാനും തുടങ്ങി.  കുറേ സമയം കഴിഞ്ഞപ്പോൾ നാരദമുനി ഒരു വേലയൊപ്പിച്ചു. അറിഞ്ഞു കൊണ്ട് തന്നെ വീണ വായനയുടെ താളം തെറ്റിച്ചു. നാരദമഹർഷിയുടെ കുസൃതികൾ അറിയാമായിരുന്ന  അപ്സര സ്സുകൾ  വളരെ ശ്രദ്ധയോടെ തെറ്റു മനസ്സിലാക്കുകയും ശരിയായ താളത്തിൽ നൃത്തം ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ കഴിവുകളിൽ അഹങ്കരിച്ചിരുന്ന  ഉർവശ്ശിക്ക് നാരദൻ വരുത്തിയ തെറ്റ് തിരുത്തി നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. ഉർവ്വശ്ശിയുടെ നൃത്തത്തിന്റെ താളം പിഴച്ചു. അങ്ങനെ ഉർവ്വശി മറ്റുള്ളവരുടെ മുൻപിൻ നാണംകെട്ടു .


 അന്ന്  ദേവസഭയിൽ അഗസ്ത്യമുനിയും ഉണ്ടായിരുന്നു. നൃത്തം തെറ്റിച്ച ഉർവ്വശ്ശിയെ മുനി ശപിച്ചു "നീയൊരു മനുഷ്യന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഇട വരട്ടെ" 

  വീണ വായനയിൽ അറിഞ്ഞു കൊണ്ട് തെറ്റു വരുത്തിയ നാരദമഹർഷിയേയും ശപിക്കുവാൻ അഗസ്ത്യമുനി മറന്നില്ല. അദ്ദേഹം നാരദനോട് പറഞ്ഞു "ലോകത്തിൽ മറ്റാർക്കും ഇല്ലാത്ത സംഗീതോപകരണമാണല്ലൊ അങ്ങയുടെ "മഹതി" എന്ന ഈ വീണ. ഇനിയും മുതൽ ഈ വീണ ഭൂമിയിലെ മനുഷ്യർക്കും ഉപയോഗിക്കാൻ കഴിയട്ടെ." അങ്ങനെയാണത്രേ ഭുമിയിൽ "വീണ"എന്ന സംഗീതോപകരണം എത്തിചേർന്നത്

Saturday, May 11, 2019

ഗണപതിക്ക് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയുള്ളതായ പല അനുഭവങ്ങളും ഉണ്ടു താനും. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്. മൂന്നു ദിവസത്തെ നാരങ്ങാ മാലയും വിഘ്നഹര പുഷ്പാഞ്ജലിയും ഉള്‍പ്പടെ വഴിപാടു നിരക്ക് 499 രൂപ. ആവശ്യപ്പെടുന്നവര്‍ക്ക് പുഷ്പാഞ്ജലി പ്രസാദം അയച്ചു നല്‍കുന്നതാണ്.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍
ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.
പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.
സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.
താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.
എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.

Sunday, May 5, 2019

ക്രിയകുണ്ഡിലിനിയോഗ

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ

യോഗ ശാസ്ത്രപ്രകാരം ഒരു മനുഷ്യായുസ്സ് ശരാശരി 93 കോടി 33 ലക്ഷത്തീ 20000 ശ്വാസോഛാസമാണു
അതായത് ഒരു മിനിറ്റിൽ 15 തവണ എന്ന കണക്കിൽ ഒരു ദിവസം 216000 തവണ നാം ശ്വസിയ്ക്കുന്നുണ്ട്. ഇതു പ്രകാരം 120 വർഷമാണു ഒരു ശരാശരി മനുഷ്യായുസ്സ്. യോഗാഭ്യാസം കൊണ്ട് ശ്വാസത്തിന്റെ എണ്ണം 15 ൽ നിന്നും താഴേയ്ക്ക് നമുക്ക് കുറച്ച് കൊണ്ടു വരാൻ കഴിയും. ശ്വാസത്തിന്റെ എണ്ണം കുറയും തോറും ആയുസ്സ് അഥവാ ആരോഗ്യകരമായ അവസ്ഥയുടെ ദൈർഘ്യം വർദ്ധിയ്ക്കുകയാണു ചെയ്യുക. അരമിനിറ്റു സമയം ക്രിയായോഗ ചെയ്യുന്ന ഒരു സാധകന്റെ സഞ്ചിതമായ ലക്ഷക്കണക്കിനു ജന്മങ്ങളിലെ കർമ്മഫലം ഭസ്മീകരിയ്ക്കുകയും അതോടൊപ്പം മസ്തിഷ്ക്കവും നാഡികളും പുരോഗതിയിലേക്ക് വന്നു ഒരു വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുകയും ചെയ്യുന്നു. ഈ ക്രമത്തിൽ എട്ടര മണിക്കൂർ ക്രിയ ചെയ്യുകയാണെങ്കിൽ ആയിരം വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുന്നു. ഇപ്രകാരം ഒരു വർഷം കൊണ്ട് 350000 വർഷങ്ങളുടെ പരിണാമവും, മൂന്നു വർഷംകൊണ്ട് ദശലക്ഷം വർഷങ്ങളുടെ പരിണാമവും, സംഭവിച്ച് അതി ബോധാവസ്ഥയിലേയ്ക്ക് വരുന്നതിനും മുക്തി നേടുന്നതിനും കഴിയുമത്രെ.
ഈ കാലയളവിൽ സാധകന്റെ നാഡികൾക്കും, മസ്തിഷ്ക്കത്തിനും, സ്തൂല,സൂക്ഷ്മ, കാരണ ശരീരങ്ങൾക്കും, പരിപൂർണ്ണമായ പരിണാമം സംഭവിയ്ക്കുകയും, എൺപത്തിനാലു ലക്ഷം ജന്മങ്ങളിലേയും ഓർമ്മകളായ കർമ്മ ഫലങ്ങൾ കത്തിയമരുകയും ചെയ്തിരിയ്ക്കും.
ഇങ്ങനെ എതൊരു സാധകനും മൂന്നുവർഷത്തെ നിരന്തര സാധനകൊണ്ട് സ്വരൂപസിദ്ധി നേടാൻ കഴിയും. ഇത്രയും സമയം ചിലവഴിയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ദിവസത്തിൽ 4.15 മണിക്കൂർ ക്രിയ ചെയ്യാമെങ്കിൽ ആറു വർഷം കൊണ്ടും, രണ്ടുവർഷം ക്രിയ ചെയ്യാമെങ്കിൽ 12 വർഷം കൊണ്ടും, കേവലം ഒരു മണിക്കൂർ സാധനയാൽ 24 വർഷം കൊണ്ടും മുക്തിയും മോക്ഷവും പ്രാപിയ്ക്കാൻ കഴിയുമെന്നു കുണ്ഡലിനീ തന്ത്രം. യോഗകുണ്ഡലിനി ഉപനിഷത്ത് എന്നിവയിലൂടെ മഹർഷിമാർ ഉത്ഘോഷിയ്ക്കുന്നു.
ക്രിയായോഗ സാധനയിലൂടെ സ്വരൂപസിദ്ധിനേടി ഈശ്വര തുല്യനായി തീർന്ന ശ്രീ പരമേശരനിൽ നിന്ന് ശ്രീ പാർവ്വതി ദേവിയ്ക്കാണു ആദ്യമായി ഈ യോഗവിദ്യ ലഭിച്ചത്.
പരമശിവനിൽ നിന്ന് അഗസ്ത്യ മുനിയ്ക്കും, തിരുമൂലർക്കും നേരിട്ട് ദീക്ഷ ലഭിയ്ക്കുകയും, തുടർന്ന് പതിനെട്ടു സിദ്ധന്മാരിൽ ശേഷിയ്ക്കുന്ന 16 പേർക്കും ഈ യോഗവിദ്യ ലഭിയ്ക്കുകയും ചെയ്തുവത്രെ. ക്രിയായോഗ സാധനയിലൂടെ സ്വരൂപ സിദ്ധിയാർജ്ജിച്ച് ഈശ്വര തുല്യരായിത്തീർന്ന 18 സിദ്ധന്മാർ ഇവരൊക്കെയാണു.
1. നന്ദിദേവർ,
2. അഗസ്ത്യമുനി,
3.തിരുമൂലർ,
4.ഭോഗനാദർ,
5.കൊങ്കണവർ,
6.മച്ചമുനി,
7.ഗോരക്നാദ്,
8.ശട്ടമുനി,
9.സുന്ദരാനന്ദർ,
10.രാമദേവൻ,
11.കടുംബായ് ( സ്ത്രീ),
12.കർവൂരാർ,
13.ഇടൈക്കടർ,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി.
18 സിദ്ധന്മാരുടെ സമകാലികരും ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.
19.കൊങ്കേയർ,
20.പുന്നകേശൻ,
21.പുലസ്ത്യൻ,
22.പുലഹൻ,
23.അത്രി,
24.പുനൈക്കണ്ണർ,
25.പുലിപ്പണി,
26.കാലാംഗി,
27.അഴുഗണ്ണി,
28.അഗപ്പേയർ,
29.തേരയ്യർ,
30.രോമർഷി,
31.അവ്വൈ,
32.കുംഭമുനി,
33.വരാരൂർ,
34.കൂർമ്മമുനി,
35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി,
39.കുമാരദീവർ,
40.വസിഷ്ടൻ,
41.ബാബാജി,
42.പട്ടണത്താർ,
43.ഭർത്രുഹരി,
44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്,
47 .സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ,
50 . കൊടുവള്ളി,
51.ശിവവാക്യ